കാട്ടാക്കട: കാട്ടാക്കട മാർക്കറ്റിന് സമീപം എസ് എസ് ടയേഴ്സിന്റ ഷോറൂമിലും വർക്ക്ഷോപ്പിലും അതിക്രമിച്ചുകയറി അക്രമം നടത്തിയ പ്രതികളെ അറസ്റ്റ് ചെയ്തു. കട്ടയ്ക്കോട് മുഴവൻകോട് ഷൈജു മന്ദിരത്തിൽ ഷൈജു (38), തൂങ്ങാംപാറ കാട്ടുവിള വിജയഭവനിൽ നന്ദു എന്ന അജിൻകുമാർ( 27), അജിൻകുമാറിന്റെ സഹോദരൻ വിജീഷ്(31) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്‌ചയാണ് ഷോറൂം ഉടമ സുശീലൻ പണിക്കരെയും( 55) ജീവനക്കാരനായ അജിത് എന്ന സന്തോഷി (35)നെയും കൊലപ്പെടുത്താൻ ശ്രമിച്ചത്. കാട്ടാക്കട പൊലീസാണ് പ്രതികളെ പിടികൂടിയത്. പരിക്കേറ്റ കടയുടമയും ജീവനക്കാരനും ചികിത്സയിലാണ്. ജീവനക്കാരനായ സന്തോഷിനോട് പ്രതികൾക്ക് ഉണ്ടായിരുന്ന മുൻ വൈരാഗ്യമാണ് ആക്രമണകാരണമെന്ന് പൊലീസ് പറയുന്നു. വിജീഷ് ബൈക്ക് സഹിതം മാവുവിള വാട്ടർ ടാങ്കിന് സമീപത്തുനിന്നാണ് പിടിയിലായത്. കൃത്യത്തിനുശേഷം ഒളിവിൽപ്പോയ ഷൈജുവും അജിൻകുമാറും വിളപ്പിൽശാല ചെറുകോട്ടുള്ള കടുമ്പൂപ്പാറയ്‌ക്ക് മുകളിൽ പാറകൾക്കിടയിൽനിന്നാണ് അറസ്‌റ്റിലായത്. വിജീഷിന്റെ പക്കൽനിന്ന് കഞ്ചാവ് കണ്ടെടുത്തിരുന്നു. ഇതിന് പ്രത്യേക കേസ് രജിസ്റ്റർ ചെയ്തു. പ്രതികൾ ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. റൂറൽ എസ്‌പി അശോകൻ, നെടുമങ്ങാട് ഡിവൈഎസ്‌പി സ്റ്റുവർട്ട് കീലർ, കാട്ടാക്കട ഇൻസ്പെക്ടർ ഡി ബിജുകുമാർ, എസ്‌ഐമാരായ ഗംഗാപ്രസാദ്, ശ്രീജിത് ജനാർദനൻ, ഹെൻഡേഴ്സൻ, എഎസ്‌ഐ സുരേഷ്, രാജശേഖരൻ, സിപി ഒമാരായ അജി, മഹേഷ്, വിജു, അനിൽകുമാർ, ഉഷ, വിനോദ് , ഷാഡോ പൊലീസ് അംഗങ്ങളായ സുനിൽ, സജു, വിനോജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
