മലയിൻകീഴ്: മലയിൻകീഴ് മേപ്പൂക്കട ഭാഗത്തേക്ക് രാവിലെ നടക്കാനിറങ്ങിയ യുവതിയെ ബൈക്കിൽ പിന്തുടർന്ന് ശല്യം ചെയ്‌തയാൾ പിടിയിൽ. കാട്ടാക്കട വാഴിച്ചൽ കണ്ടൻതിട്ട രവീന്ദ്ര ഭവനിൽ ദീപുവിനെയാണ് (33) മലയിൻകീഴ് പൊലീസ് അറസ്റ്റുചെയ്‌ത്. മേപ്പൂക്കട കുളക്കോട് വളവിന് സമീപം ഇന്നലെ രാവിലെ 6.30നാണ് സംഭവം. യുവതിയും മറ്റൊരു സ്ത്രീയും നടന്നുപോകുമ്പോൾ ബൈക്കിലെത്തിയ പ്രതി ആദ്യം ശല്യം ചെയ്യുകയും കഴുത്തിൽ കിടന്ന ഷാളിൽ പിടിക്കുകയും ചെയ്‌തു. യുവതി നിലവിളിച്ചപ്പോൾ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബൈക്കിൽ നിന്ന് തെന്നി താഴെ വീണു. ഓടിക്കുടിയ നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്‌തു.
