ആറ്റിങ്ങൽ /വർക്കല /വെഞ്ഞാറമൂട് : ഇനി മുതൽ അടിയന്തര ഘട്ടത്തിൽ ഫയർഫോഴ്സ് ബുള്ളറ്റിൽ പാഞ്ഞെത്തി കെടുത്തും. വേനൽക്കാലം ആയതോടെ രൂക്ഷമായ തീപിടുത്തം ആണ് പലയിടങ്ങളിലും നടക്കുന്നത്. എന്നാൽ ഫയർഫോഴ്സിന്റെ വലിയ വാഹനം കടന്നു പോകാത്ത സ്ഥലങ്ങളിൽ തീ കെടുത്തുക എന്നത് വളരെ പ്രയാസമാണ്. അത്തരം സാഹചര്യങ്ങളിൽ ഏത് വഴിയിലൂടെയും കടന്നുപോകാൻ ബുള്ളറ്റ് പോലെയുള്ള ഇരുചക്രവാഹനങ്ങൾക്ക് സാധിക്കും. അതുകൊണ്ടുതന്നെ എല്ലാവിധ സംവിധാനങ്ങളും അടങ്ങിയ ബുള്ളറ്റ് ആണ് വിവിധ ഫയർ സ്റ്റേഷനുകൾക്ക് അനുവദിച്ചിട്ടുള്ളത്. തീപിടുത്തം ഉണ്ടായാൽ ഉടനെ തന്നെ സ്ഥലത്തെത്തി അടിയന്തര സേവനം ഉറപ്പാക്കാൻ സാധിക്കും. അത് തീപിടുത്തത്തിന്റെ തീവ്രത കുറയ്ക്കും. വാട്ടർ മിസ്റ്റ് ബുള്ളറ്റ് സേവനവം വലിയ പ്രതീക്ഷയാണ് നൽകുന്നത്. അഗ്നിരക്ഷാലോറി കടന്നുപോകാത്ത സ്ഥലങ്ങളിലെ അഗ്നിബാധ കെടുത്താനാണ് ബുള്ളറ്റ് ഉപയോഗിക്കുന്നത്. പത്ത് ലിറ്റർ വെള്ളവും ഒരു ലിറ്റർ രാസവസ്തുവും ഇതിൽനിന്ന് പമ്പ് ചെയ്യാൻ കഴിയും. മുക്കാൽ മണിക്കൂർ തീ കെടുത്താൻ സാധിക്കും.
ആറ്റിങ്ങൽ, വർക്കല, വെഞ്ഞാറമൂട് ഫയർ സ്റ്റേഷനുകൾക്ക് വാട്ടർ മിസ്റ്റ് ബുള്ളറ്റ് അനുവദിച്ചു. ആറ്റിങ്ങലിൽ അഡ്വക്കേറ്റ് ബി സത്യൻ എംഎൽഎയും, വെഞ്ഞാറമൂട്ടിൽ ഡി കെ മുരളി എം.എൽ.എയും വർക്കലയിൽ അഡ്വ വി ജോയ് എംഎൽഎയും ഫ്ലാഗ് കർമ്മം നിർവഹിച്ചു. അതാത് ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.