മണമ്പൂർ : മണമ്പൂർ ഗ്രാമപഞ്ചായത്തിൽ പത്താം വാർഡിലെ കൊറട്ട് മൂലയിൽ ഗുണ്ടാ വിളയാട്ടം. വെള്ളിയാഴ്ച പുലർച്ചെ 2അര മണിയോടെയാണ് സംഭവം. രമേശ് വില്ലയിൽ രമയുടെ വീടാണ് ഏഴോളം വരുന്ന സംഘം ഇടിച്ചു തകർത്ത് വീട്ടിലുവരെ വെട്ടിപ്പരിക്കേൽപിച്ചത്. അടുത്ത കാലത്ത് കേരളം മുഴുവൻ ചർച്ചയായ മോഷണകേസിൽ പ്രതിക്കെതിരെ സാക്ഷി പറഞ്ഞെന്ന് ആരോപിച്ചാണ് പ്രതിയും കൂട്ടാളികളും ചേർന്ന് രമയുടെ വീട് ആക്രമിച്ചതും വീട്ടിലുള്ളവരെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തതെന്ന് പോലീസ് പറഞ്ഞു.
പോലീസ് പറയുന്നത് ഇങ്ങനെ :
ജനുവരി 8നു കവലയൂർ പാർത്തുകോണം ക്ഷേത്രത്തിനു സമീപമുള്ള പ്രവാസിയായ അശോകന്റെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങളാണ് കവർച്ച ചെയ്ത കേസിലെ രണ്ടാം പ്രതിയായ കണ്ണപ്പൻ രതീഷാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി. കവർച്ചാ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം ഇന്നലെ രാത്രിയിൽ 10 മണിയോടെ രമയുടെ വീട്ടിലെത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മോഷണക്കേസിൽ തനിക്കെതിരെ സാക്ഷി പറഞ്ഞെന്ന് ആരോപിച്ചാണ് പ്രതിയും ഒരു സുഹൃത്തും ചേർന്ന് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. തുടർന്ന് കടയ്ക്കാവൂർ പോലീസ് വിവരമറിഞ്ഞ് സ്ഥലത്തെത്തിയപ്പോൾ ഇരുവരും ഓടി ഒളിച്ചു. ഒടുവിൽ പുലർച്ചെ 2അര മണിയോടെ രതീഷും 7ഓളം പേരും വീണ്ടും രമയുടെ വീട്ടിലെത്തി വീട് ഇടിച്ചു നിരത്തുകയും വീട്ടിലുണ്ടായിരുന്നവരെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. ശേഷം അവിടെ നിന്ന് ഓട്ടോയിൽ രക്ഷപ്പെട്ട സംഘത്തെ പോലീസ് പിന്തുടർന്നെങ്കിലും ഇന്ധനം തീർന്ന് ഓട്ടോ വഴിയിൽ ഉപേക്ഷിച്ച് സംഘം ഓടി ഒളിക്കുകയായിരുന്നു. സംഭവത്തിൽ രണ്ട് പ്രതികളെ കടയ്ക്കാവൂർ പോലീസ് പിടികൂടി. മുഖ്യ പ്രതി രതീഷ് ഒളിവിലാണ്. എല്ലാ പ്രതികളെ കുറിച്ചും കൃത്യമായ വിവരം ലഭിച്ചതായും ഉടൻ പിടികൂടുമെന്നും കടയ്ക്കാവൂർ എസ്ഐ വിനോദ് വിക്രമാദിത്യൻ പറഞ്ഞു. മാത്രമല്ല പ്രതികൾ ആരോപിക്കുന്ന പോലെ മോഷണ കേസിൽ പ്രതികൾക്കെതിരെ ഈ വീട്ടുകാർ സാക്ഷി പറയുകയോ യാതൊരു വിവരം നൽകുകയോ ചെയ്തിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.