ആറ്റിങ്ങൽ: ആറ്റിങ്ങൽ ബൈപ്പാസിന്റെ സ്ഥലനിർണയ നടപടികൾ ശനിയാഴ്ച പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു. സർവേ നടപടികൾ തിങ്കളാഴ്ച ആരംഭിക്കും. രൂപരേഖയിൽനിന്ന് മാറി കല്ലുകൾ സ്ഥാപിച്ചുവെന്ന ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി.
ദേശീയപാത വികസനത്തിനായി 2009-ൽ തയ്യാറാക്കിയ രൂപരേഖപ്രകാരമാണ് ഇപ്പോൾ സ്ഥലനിർണയം നടക്കുന്നത്. ആദ്യം സ്ഥലനിർണയം നടക്കുമ്പോൾ പരാതികളുയർന്നതിനെത്തുടർന്ന് രണ്ട് തവണ സാറ്റ്‌ലൈറ്റ് സർവേ നടത്തിയിരുന്നു. ഈ സർവേ പ്രകാരമാണ് ഇപ്പോൾ സ്ഥലനിർണയം നടക്കുന്നത്.
രൂപരേഖയിൽ വ്യത്യാസം വന്നിട്ടുള്ളത് മാമത്ത് മാത്രമാണ്. പഴയ രൂപരേഖയനുസരിച്ച് പാലമൂടിന് സമീപത്തായിട്ടായിരുന്നു ബൈപ്പാസ് നിലവിലെ ദേശീയപാതയുമായി ചേരുന്നത്. ഇപ്പോഴിത് പാലത്തിന് ഇപ്പുറത്താക്കിയിട്ടുണ്ട്.
പഴയ രൂപരേഖയനുസരിച്ച് റോഡ് ചേരുന്നിടത്ത് ഇറക്കവും വളവും ഉള്ള ഭാഗമായതിനാൽ അപകടസാധ്യത കൂടുതലാണ്. ഇതൊഴിവാക്കാനാണ് പാലത്തിനിപ്പുറത്തായി ഒരു വലിയ ജങ്ഷൻ തയ്യാറാക്കി ബൈപ്പാസ് ചേർക്കാൻ തീരുമാനിച്ചിട്ടുള്ളത്. വലിയ വികസനസാധ്യത മുന്നിൽക്കണ്ടാണ് ഈ മാറ്റം നിശ്ചയിച്ചിട്ടുള്ളത്.
തിരുവാറാട്ടുകാവുമായി ബന്ധപ്പെട്ടുയർന്നിട്ടുള്ളതുൾപ്പെടെയുള്ള ആശങ്കകൾ അസ്ഥാനത്താണെന്ന് അധികൃതർ വ്യക്തമാക്കി. തിരുവാറാട്ടുകാവ് ക്ഷേത്രത്തിനോ ചുറ്റമ്പലത്തിനോ യാതൊരു നാശവും വരാത്ത വിധമാണ് റോഡ് കടന്നുപോകുന്നത്. ഇവിടെ രൂപരേഖയിൽ മാറ്റം വരുത്തിയാൽ അമ്പതോളം വീടുകൾ പൂർണമായും നിരവധി വീടുകൾ ഭാഗികമായും ഇല്ലാതാകും.
റോഡിനായി ഭൂമി ഏറ്റെടുക്കുന്ന നടപടികൾ ജൂൺ മാസത്തിനുമുന്നേ തീർക്കാൻ കഴിഞ്ഞില്ലെങ്കിൽ പദ്ധതി തന്നെ അവതാളത്തിലാകും.