വെഞ്ഞാറമൂട്: കൈ ഞരമ്പ് മുറിച്ചശേഷം കിണറ്റിൽ ചാടിയ വീട്ടമ്മയെ ഫയർ ഫോഴ്സിന്റെ സംയോജിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി.ആറാംതാനം സൊസൈറ്റി വട്ടവിള വീട്ടിൽ പ്രകാശന്റെ ഭാര്യ അംബിക (60) അണ് അയൽവാസിയായ ശ്രീനന്ദനത്തിൽ നിശാന്തിന്റെ കിണറ്റിൽ ചാടിയത്.
ഇന്നലെ പുലർച്ചെ 5.30 നായിരുന്നു സംഭവം. വീട്ടുകാരുമായി വഴക്കിട്ടതിനെ തുടർന്നാണ് ഇവർ കിണറ്റിൽ ചാടിയതെന്ന് പോലീസ് പറഞ്ഞു. ഏകദേശം അൻപതടി താഴ്ചയും പത്തടിയോളം വെള്ളമ ുള്ള കിണറ്റിലേക്കായിരുന്നു ഇവർ ചാടിയത്. വെഞ്ഞാറമൂട് ഫയർഫോഴ്സ് യൂണിറ്റിലെ ഫയർമാനായ രഞ്ജിത്ത് കിണറ്റിൽ ഇറങ്ങി അംബികയെ നെറ്റ് ഉപയോഗിച്ച് കിണറ്റിന് പുറത്ത് എത്തിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച വീട്ടമ്മ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃ തർ പറഞ്ഞു.
വെഞ്ഞാറമൂട് ഫയർഫോഴ്സ് യൂണിറ്റിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.ആർ.അനിൽകുമാർ, ലീഡിംഗ് ഫയർമാൻ അജിത് കുമാർ, ഫയർമാൻമാരായ രഞ്ജിത്ത്, വിജേഷ്, സനൽകുമാർ, ഹോം ഗാർഡ്മാരായ ശരത്, ദേവസ്യ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ രക്ഷപ്പെടുത്തിയത്.