കിളിമാനൂർ : കൊറോണ ജാഗ്രതയിൽ വീട്ടിൽ കഴിയുന്ന കുട്ടികളുടെ പൊതുവിജ്ഞാനശേഷി ഉയർത്തുന്നതിനായി കിളിമാനൂർ ഗവ :എൽ .പി എസ് ന്റെ ഐറ്റി വിഭാഗമാണ് ഡിജിറ്റൽ ഉത്തരപ്പെട്ടി തയ്യാറാക്കിയിരിക്കുന്നത് അധ്യാപകർ തയ്യാറാക്കിയ ചോദ്യങ്ങളുടെ ലിങ്ക് സോഷ്യൽ മീഡിയ വഴി കുട്ടികൾക്ക് എത്തിച്ചു കൊടുക്കുന്നു. ലിങ്ക് ഓപ്പൺ ചെയ്ത് കുട്ടികൾക്ക് ഉത്തരം എഴുതാവുന്നതാണ്. ഉത്തരം എഴുതി കഴിയുമ്പോൾ തന്നെ കുട്ടികൾക്ക് ലഭിച്ച മാർക്ക് ,തെറ്റിയ ചോദ്യങ്ങളുടെ ശരിയായ ഉത്തരം ,ഉത്തരങ്ങളുട വിശദീകരണം തുടങ്ങിയവ ലിങ്കിൽ നിന്നും ലഭിക്കുന്നു. തുടക്കത്തിൽ കിളിമാനൂർ ഗവ :എൽ. പി. എസ് ലെ സ്കൂളിലെ കുട്ടികൾ ആണ് പ്രയോജനപ്പെടുത്തിയിരുന്നെങ്കിൽ നിലവിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി പതിനായിരക്കണക്കിനു കുട്ടികളാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തിയിരിക്കുന്നത്. അക്ഷരമുറ്റം ,വിവിധ സ്കോളർഷിപ്പ് പരീക്ഷകൾ, മത്സര പരീക്ഷകൾ, തുടങ്ങിവയുടെ മുൻ വർഷ ചോദ്യങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയത് കൊണ്ടുതന്നെ കൂടുതൽ കുട്ടികളെ ഇതിലേക്ക് ആകർഷിപ്പിക്കാൻ കഴിഞ്ഞുവെന്ന് സ്കൂൾ പ്രധാന അദ്ധ്യാപിക ടി വി .ശാന്തകുമാരിയമ്മ അഭിപ്രായപ്പെട്ടു.ലോക്ക് ഡൗണിന്റെ തുടക്കത്തിൽ തന്നെ കുട്ടികൾക്കായി ഓൺലൈൻ ഡിജിറ്റൽ മാഗസിനും സ്കൂൾ തയ്യാറാക്കിയിരുന്നു .വരും ദിവസങ്ങളിൽ സ്കൂൾ യൂട്യൂബ് ചാനലിലൂടെ കുട്ടികൾ അവതരിപ്പിച്ച സർഗാത്മക പ്രവർത്തങ്ങൾ പൊതുജനങ്ങളിൽ എത്തിക്കാൻ അവസരം ഒരുക്കുന്നതായി സ്കൂൾ പി ടി എ അറിയിച്ചു.
