പോത്തൻകോട്: കഷ്ടപ്പാടുകൾക്ക് നടുവിലും മെഡലുകൾ വാരിക്കൂട്ടിയ ട്രയാത്ത്ലൺ താരം ദ്യുതിക്ക് ഇനി അടച്ചുറപ്പുള്ള വീട്ടിൽ കിടന്നുറങ്ങാം. തോന്നയ്‌ക്കൽ സായിഗ്രാമം നാല് ലക്ഷം രൂപ ചെലവിൽ നിലവിലുണ്ടായിരുന്ന വീടിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. വീടിന്റെ താക്കോൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ദ്യുതിക്കും മാതാപിതാക്കൾക്കും കൈമാറി. പോത്തൻകോട് കൊയ്‌ത്തൂർക്കോണത്ത് കെ. സുധീറിന്റെയും കോമളകുമാരിയുടെയും മകളായ ദ്യുതിയുടെ ദുരിതം ആറ്റിങ്ങൽ വാർത്ത റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെയാണ് സഹായഹസ്‌തവുമായി സായിഗ്രാമം രംഗത്തെത്തിത്. സായിഗ്രാമത്തിന്റെ ഭവനനിർമ്മാണ പദ്ധതിയായ സായിപ്രസാദത്തിലുൾപ്പെടുത്തിയാണ് 650 സ്‌ക്വയർഫീറ്റ് വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. പഞ്ചായത്തിന്റെ സഹായത്തോടെ വർഷങ്ങൾക്ക് മുമ്പ് വീട് പണി തുടങ്ങിയെങ്കിലും നാടക നടീനടന്മാരായിരുന്ന ദ്യുതിയുടെ മാതാപിതാക്കൾ രോഗത്തിന്റെയും ദാരിദ്ര്യത്തിന്റെ നടുവിലായതോടെ പണി പാതിവഴിയിൽ നിലയ്‌ക്കുകയായിരുന്നു. മങ്കാട്ടുമൂലയിൽ താമസിക്കുന്ന അവനവഞ്ചേരി ഗവ. സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിനി ഭാവനയ്‌ക്കും പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച വീടിന്റെ താക്കോൽ മന്ത്രി കൈമാറി. സായിഗ്രാമം ട്രസ്റ്റ് സീനിയർ വൈസ് ചെയർമാൻ കെ. ഗോപകുമാരൻ നായർ അദ്ധ്യക്ഷനായിരുന്നു. ട്രസ്റ്റ് ഫൗണ്ടർ ആൻഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ. ആനന്ദകുമാർ സ്വാഗതം പറഞ്ഞു. മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയകുമാരി, മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മധു തുടങ്ങിയവർ പങ്കെടുത്തു.