കിളിമാനൂർ :കിളിമാനൂർ വാഴോട് ചെക്ക് പോസ്റ്റിൽ വ്യാഴാഴ്ച രാത്രി നടന്ന വാഹന പരിശോധനയിൽ ആംബുലൻസിൽ മൂന്ന് പേരെ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചവരെ പോലീസ് പിടികൂടി. ചങ്ങനാശേരിയിലേയ്ക്ക് പോകാനായിരുന്നു അവരുടെ പദ്ധതി. കണിയാപുരം എസ്.കെ.എസ്.എഫ് ആംബുലൻസ് ഡ്രൈവർ മുദാക്കൽ പൊയ്കമുക്ക് സ്വദേശി സ്വരാജ്, ആംബുലൻസിൽ ഉണ്ടായിരുന്ന കഠിനകുളം ചിറ്റാറ്റുമുക്ക് സ്വദേശി ഷാജുദ്ദീൻ , അണ്ടൂർകോണം കീഴാവൂർ സ്വദേശി വിഷ്ണു ചന്ദ്രൻ, പുളിമാത്ത് രഞ്ജിത്ത് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ആംബുലൻസ് വാഹനം പരിശോധന നടത്തില്ലെന്ന് കരുതിയാണ് ആംബുലൻസിൽ അതിർത്തി കടക്കാൻ ശ്രമിച്ചത്. കിളിമാനൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു. കുറച്ചു ദിവസം മുൻപ് വാഴോട് ചെക്ക് പോസ്റ്റിൽ ഭക്ഷ്യവസ്തുക്കളുമായെത്തിയ ചരക്ക് വാഹനത്തിൽ ഒളിച്ചുകടക്കാൻ ശ്രമിച്ച മൂന്ന് തമിഴ്നാട് സ്വദേശികളെ കിളിമാനൂർ പോലീസ് പിടികൂടിയിരുന്നു.
