വിനോദസഞ്ചാരികളുടെ പറുദീസയായി കാപ്പിൽ ടൂറിസ്റ്റ് കേന്ദ്രം

eiUZ4S676515

ഇടവ :കാപ്പിൽ ടൂറിസ്റ്റ് കേന്ദ്രം വിനോദസഞ്ചാരികളുടെ പറുദീസയാകുകയാണ‌്. കേരളത്തിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ ഏറെ പ്രാധാന്യത്തോടെ രേഖപ്പെടുത്തേണ്ട പ്രദേശമാണ് വർക്കല നിയോജക മണ്ഡലത്തിലെ കാപ്പിൽ. കടലും കായലും ചേരുന്ന പൊഴിമുഖവും വിശാലമായ കാറ്റും നിശബ്ദ അന്തരീക്ഷവും സ്വദേശികളെയും വിദേശികളെയും ഒരേപോലെ ആകർഷിക്കാൻ പോന്നതാണ്. കാപ്പിൽ ബീച്ചിന്റെയും ബോട്ട് ക്ലബ്ബിന്റെയും വികസനത്തിനായി 2013 ൽ 3.22 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം അനുമതി നൽകുകയും ആദ്യ ഗഡുവായ 64.54 ലക്ഷം രൂപ അനുവദിക്കുകയുമുണ്ടായി. തുടർന്ന് സംസ്ഥാന സർക്കാർ സംസ്ഥാന വിഹിതം ഉൾപ്പെടെ 4.09 കോടി രൂപയുടെ പദ്ധതിയ്ക്ക് ഭരണാനുമതി നൽകി. ഇതിൻപ്രകാരം നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുകയുമുണ്ടായി. എന്നാൽ, കൃത്യമായ സാധ്യതാ പഠനം നടത്താതെ ആവിഷ്കരിച്ച പദ്ധതി തീരദേശ നിർമാണ ചട്ടങ്ങൾ ലംഘിച്ച് കൊണ്ടാണെന്ന ആരോപണം ഉയർന്നതോടെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ചു. ശേഷം പദ്ധതി പുനരാരംഭിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചിരുന്നു.  സംസ്ഥാന ഫണ്ടിൽ ഉൾപ്പെടുത്തി പദ്ധതി പൂർത്തിയാക്കാൻ 2018 ജനുവരിയിൽ സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കുകയുമുണ്ടായി. കാപ്പിൽ ടൂറിസ്റ്റ് കേന്ദ്രത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് അടുത്തിടെ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാടിന് സമർപ്പിച്ചിരുന്നു. ബോട്ട് ജെട്ടി, റിസപ്ഷൻ കം ഫെസിലിറ്റേഷൻ സെന്റർ, വ്യൂടെക്, ടോയ‌്‌ലറ്റ് ബ്ലോക്ക്, ഗെസിബോ, പാസഞ്ചേഴ്സ് വെയ്റ്റിങ‌് ലോഞ്ച്, നടപ്പാത, ഗാർഡൻ ചെയർ, ലാന്റ് സ്കേപ്പിങ‌്, ലൈറ്റിങ‌്, റീട്ടെയ്നിങ‌് വാൾ, കോമ്പൗണ്ട് വാൾ, ഡെക്കറേറ്റീവ് പില്ലേഴ്സ് തുടങ്ങിയവ ടൂറിസ്റ്റ് കേന്ദ്രത്തിൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഇരുമ്പ് തൂണുകളാൽ കായലിന് മധ്യഭാഗത്തായി നിർമിതമായ കാപ്പിൽ ടൂറിസ്റ്റ് കേന്ദ്രത്തിലേയ്ക്ക് വിദേശികളുടെയും സ്വദേശികളുടെയും ഒഴുക്ക്  വർധിക്കുകയാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!