തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഷഫീഖ് അൽ ഖാസിമിയെ ഈ മാസം 15 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം പോക്സോ കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്. തെളിവെടുക്കാൻ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിന്‍റെ ആവശ്യം. നാല് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഷഫീഖ് അൽ ഖാസിമി കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കിയിരുന്നു. വീട്ടില്‍ വിടാമെന്ന് പറഞ്ഞാണ് പഠിക്കുന്ന സ്ഥാപനത്തിൽ നിന്ന് പെണ്‍കുട്ടിയെ ഇന്നോവ കാറിൽ കയറ്റിയതെന്ന് ഷഫീഖ് അൽ ഖാസിമി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
പേപ്പാറയിലുള്ള വനത്തിനോട് ചേർന്നുള്ള പ്രദേശത്തുകൊണ്ടുപോയി. ഇവിടെ വച്ച് വാഹനത്തിനുള്ളിൽ കുട്ടിയെ കണ്ട സ്ത്രീകള്‍ പ്രശ്നമുണ്ടാക്കിയപ്പോള്‍ രക്ഷപ്പെട്ടുവെന്നും പ്രതി മൊഴി നൽകി. പൊലീസ് നേരത്തെ അറസ്റ്റു ചെയ്ത, ഷഫീഖ് ഖാസിമിയുടെ സഹോദരൻ നൗഷാദാണ് ഒളിവിൽ പോകാനുള്ള സഹായം നൽകിയത്. ഷഫീഖ് ഖാസിമി സ്വന്തം അക്കൗണ്ട് വഴി പണം ഇടപാടുപോലും നടത്തിയിരുന്നില്ല. നൗഷാദിൻറെ സുഹൃത്തുക്കളുടെ അക്കൗണ്ടുകള്‍ വഴിയാണ് പണം കൈമാറിയത്.
നാഷദിൻറെ അറസ്റ്റിന് ശേഷം ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ ഒരു ലോഡ്ജിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് ഇമാമിനെ കുരുക്കാൻ പൊലീസിനെ സഹായിച്ചത്.
പെണ്‍കുട്ടിയുടെ പേര് സാമൂഹ മധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചതിന് മറ്റൊരു കേസ് കൂടി എടുത്തിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഡി അശോകൻറെ നേതൃത്വത്തിലുള്ള റൂറൽ ഷാഡോ പൊലീസാണ് പ്രതികളെ പിടികൂടിയത്. അതേ സമയം ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ സംരക്ഷണയിലുള്ള പെണ്‍കുട്ടിയെ അമ്മക്കൊപ്പം വിട്ടുനൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. കുട്ടിയുടെ അമ്മ നൽകിയ ഹർജിലാണ് ഉത്തരവ്. അമ്മയുടെ കൂടെ പോകാനാണ് താല്പര്യമെന്ന് കഴിഞ്ഞ ദിവസം കുട്ടി കോടതിയെ അറിയിച്ചിരുന്നു.