കാട്ടാക്കട: കുളത്തുമ്മൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിന്റെ പുതിയ ബഹുനില കെട്ടിട നിർമ്മാണത്തിന് സാങ്കേതികാനുമതി ലഭ്യമായി ടെന്റർ നടപടികളിലേക്ക് കടന്നതായി ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു. നബാർഡ് RIDF സ്‌കീമിൽ ഉൾപ്പെടുത്തി 6.6 കോടി രൂപ ചിലവഴിച്ചാണ് പ്രസ്തുത കെട്ടിടം നിർമ്മിക്കുന്നത്. 1930 ച.മി വിസ്തീർണത്തിൽ നാല് നിലയുള്ള ആർ.സി.സി ഫ്രെയിംഡ് സ്‌ട്രക്ച്ചർ ആയിട്ടാണ് കെട്ടിടം രൂപകൽപ്പന ചെയ്യുക. ഈ കെട്ടിടത്തിൽ 11 ക്ലാസ്സ് റൂം, 5 ലാബ് റൂം, പ്രിൻസിപ്പൽ റൂം, ഓഫീസ് റൂം, സ്റ്റാഫ് റൂം, എല്ലാ നിലയിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അംഗപരിമിതർക്കും പ്രത്യേക സൗചാലയങ്ങൾ എന്നിവ ഉണ്ടാകും. പൊതുമരാമത്തു വകുപ്പ് തയ്യാറാക്കിയ ആർകിടെക്ചർ ഡ്രോയിംഗും സ്‌ട്രക്ച്ചറൽ ഡിസൈനും പ്രകാരം ഇലെക്റ്റിക്കൽ പ്രവർത്തി ഉൾപ്പടെ 6.6 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി കഴിഞ്ഞു. ഇതിന് പുറമേ സ്കൂളിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് കിഫ്ബി വഴി 1 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള അനുമതിയും ഹയർ സെക്കന്ററി വിഭാഗത്തിലെ ലാബ് സൗകര്യം മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാരിന്റെ 1 കോടി രൂപയുടെ പ്രവർത്തികൾക്കുള്ള അനുമതിയും ലഭ്യമാക്കിയിട്ടുണ്ട്. ടെന്റർ നടപടികൾ പൂർത്തിയാക്കി എത്രയുംവേഗം നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.
