വെട്ടൂർ: താഴെവെട്ടൂരിൽ ടിഎസ് കനാലിനോട് ചേർന്ന തീരപാതയിൽ വീണ്ടും മണ്ണിടിഞ്ഞു റോഡ് തകർന്നു. കൊല്ലം-തിരുവനന്തപുരം തീര പാതയിൽ റാത്തിക്കൽ മുസ്ലിം ജമാഅത്തിന് മുന്നിലാണ് 20 മീറ്ററോളം ഭാഗത്തെ മണ്ണ് കഴിഞ്ഞ ദിവസം പുലർച്ചെ കനാലിലേക്ക് ഇടിഞ്ഞത്. റോഡിൽ നിന്ന ഏതാനും 11 കെവി പോസ്റ്റുകളും ലൈനും റോഡിലേക്ക് വീണെങ്കിലും റോഡിൽ ആൾസഞ്ചാരം കുറവായതിനാൽ അപകടം ഒഴിവായി. റോഡിൽ വിള്ളൽ വീണതോടെ വെട്ടൂർ റാത്തിക്കൽ ഒന്നാം പാലം വഴിയുളള ഗതാഗതം പൂർണമായി നിലച്ചു.
റാത്തിക്കൽ ജംക്ഷനിൽ തോട്ടിപ്പാലത്തിന് സമീപം ടിഎസ് കനാലിനോട് ചേർന്ന ഭാഗത്ത് ഏതാനും ദിവസം മുൻപ് പാർശ്വഭിത്തി ഇടിഞ്ഞ് ഏകദേശം 70 മീറ്റർ മണ്ണിടിഞ്ഞു കനാലിൽ പതിച്ചിരുന്നു. കനാൽ വീതി കൂട്ടുന്നതിന് മണ്ണു നീക്കം പുരോഗമിക്കുകയാണ്. അരിവാളം മുതൽ താഴെവെട്ടൂർ നടപ്പാലം വരെ കനാലിന്റെ ഇരുകരകളിലും സംരക്ഷണഭിത്തി അനിവാര്യമാണെന്ന് വി.ജോയി എംഎൽഎ അറിയിച്ചു.