വെട്ടൂർ : വെട്ടൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിനു പുതിയ കെട്ടിട സമുച്ചയം നിർമിക്കുന്നതിന് 2.25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി വി.ജോയി. എം.എൽ.എ അറിയിച്ചു. വെട്ടൂർ പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റുന്നതിന്റെ തുടർനടപടികൾ പുരോഗമിക്കുകയാണ്. സ്ഥലപരിമിതികൊണ്ടു വീർപ്പുമുട്ടിയ സാഹചര്യമാണ് ഇവിടെയുള്ളത്.ഇത് ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തിയാണ് പുതിയ കെട്ടിടത്തിന് ഫണ്ട് അനുവദിപ്പിച്ചതെന്ന് എം.എൽ.എ. പറഞ്ഞു. കെട്ടിട സമുച്ചയത്തിനുള്ള സ്ഥലത്ത് മണ്ണ് പരിശോധന നടന്നുവരുകയാണ്. എം.എൽ.എ. സ്ഥലം സന്ദർശിച്ചു. ദർഘാസ് നടപടികൾ ഉടനുണ്ടാകുമെന്ന് എം.എൽ.എ. അറിയിച്ചു.
