കടയ്ക്കാവൂർ: കടയ്ക്കാവൂർ റെയിൽവേ പ്ലാറ്റ്ഫോമിൽ വാതിലുകൾ തുറന്നിട്ട നിലയിൽ കൊണ്ടിടുന്ന കോച്ചുകളിൽ അനാശാസ്യപ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് പരാതി. സ്റ്റേഷൻമാസ്റ്ററുടെ ഓഫീസിന് മുന്നിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ കംമ്പാർട്ട്മെന്റുകൾ കൊണ്ടിടുന്നതിനാൽ രണ്ടും മൂന്നും പ്ളാറ്റുഫോമുകളിൽ എന്ത് നടക്കുന്നുവെന്ന് റെയിൽവേ ജീവനക്കാർക്ക് കാണാൻ കഴിയില്ല. സന്ധ്യകഴിഞ്ഞാൽ യാത്രക്കാർക്ക് സാമൂഹ്യവിരുദ്ധ ശല്യം നേരിടേണ്ടി വരുന്നതായും പരാതിയുണ്ട്. കുറച്ചുനാൾ മുൻപ് രാത്രിയിൽ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ സിഗ്നൽ കാണിക്കാനെത്തിയ വനിതാജീവനക്കാരിയെ സാമൂഹ്യവിരുദ്ധൻ ശല്യം ചെയ്യുകയും മാല പാെട്ടിച്ച് കടന്നുകളയുകയും ചെയ്തിരുന്നു. കുറച്ചു കാലത്തേക്ക് റെയിൽവെ പൊലീസിന്റെയും ലോക്കൽ പൊലീസിന്റെയും നീരിക്ഷണം ഈ ഭാഗത്തുണ്ടായിരുന്നെങ്കിലും പിന്നീട് അതും നിലച്ചു. വൃത്തിയാക്കാതെ കൊണ്ടിടുന്ന കംമ്പാർട്ട്മെന്റുകളിൽ നിന്നുയരുന്ന ദുർഗന്ധവും യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കംമ്പാർട്ടുമെന്റുകൾ വൃത്തിയാക്കി ഡോറുകൾ ലോക്ക് ചെയ്ത് യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ, മൂന്നു പ്ളാറ്റ്ഫോമിലും സ്റ്റേഷൻമാസ്റ്ററുടെ നിരീക്ഷണം ഏർപ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.