കാട്ടാക്കട: പനയംകോട് രണ്ട് ആടുകളെ അജ്ഞാത ജീവി കടിച്ചുകൊന്ന നിലയിൽ കണ്ടെത്തി. പനയംകോട് പ്ലാമൂട്ട് വിളാകം വീട്ടിൽ സുനിലിന്റെ ആടുകളെയാണ് വെള്ളിയാഴ്ച രാവിലെ കൂടിന് വെളിയിൽ കൊന്നിട്ട നിലയിൽ കണ്ടെത്തിയത്. പുലി പിടിച്ചതാണെന്ന് അഭ്യൂഹം പരന്നതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വനംവകുപ്പിന്റെ ആര്‍ആര്‍സി വിഭാഗം പരിശോധന നടത്തി.ആടുകള്‍ ചത്തുകിടന്ന പ്രദേശത്തെയും സമീപത്തെയും കാല്‍പ്പാടുകള്‍ പരിശോധിച്ചതിൽ കാട്ടുപൂച്ച പോലുള്ളവയാകാം ആടുകളെ കൊന്നതെന്നാണ് പ്രഥമിക നിഗമനം. അജ്ഞാത ജീവിയെ കുടുക്കാന്‍ കൂട് സ്ഥാപിക്കുമെന്ന് റേഞ്ച് ഓഫീസര്‍ ഷാജി ജോസ് പറഞ്ഞു. പുലിയുടെ ആക്രമണത്തില്‍ ആടുകള്‍ ചത്തതാകാന്‍ സാധ്യതയില്ലെന്നും ചത്ത നിലയില്‍ കണ്ടെത്തിയ ആടുകളുടെ തൊലിപ്പുറത്തോ മാംസത്തിലോ പുലിയുടെ ആക്രമണം പോലുള്ള പരിക്കോ ഇല്ലായിരുന്നുവെന്നും വനപാലകര്‍ പറഞ്ഞു. കാട്ടാക്കട മൃഗാശുപത്രിയിലെ ഡോക്ടറും പരിശോധന നടത്തി.
