ആറ്റിങ്ങല്‍: റോഡുകൾ ഹൈ ടെക് ആയി വരുന്നത് ജനങ്ങൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ബൈപാസും ദേശീയ പാത വികസനവുമെല്ലാം ആറ്റിങ്ങൽ നിവാസികൾക്ക് വെറും സ്വപ്നം മാത്രമായി നിലനിൽക്കുമ്പോൾ പുതിയ കാഴ്ചകളാണ് ഇവിടെ കാണുന്നത്. പൊതുമരാമത്ത് വകുപ്പ് തകര്‍ന്നടിഞ്ഞ റോഡ് നന്നാക്കാതെ നല്ലറോഡ് വീണ്ടും ടാര്‍ ചെയ്തു കയ്യടി വാങ്ങാൻ ശ്രമിക്കുന്നു . നാളുകളായി നാശം വിതയ്ക്കുന്ന ആറ്റിങ്ങല്‍ ടൗണ്‍ യുപിഎസ് റോഡ് നന്നാക്കാതെ പാലസ് റോഡ് റീടാര്‍ ചെയ്യുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.
ടൗണ്‍ യുപിഎസ് വീരളം റോഡ് തകര്‍ന്നിട്ട് മാസങ്ങളായി. കഷ്ടിച്ച് നൂറ് മീറ്റര്‍ മാത്രം ദൂരമുള്ളതാണീ റോഡ്. നിറയെ കുഴികളുള്ള റോഡില്‍ യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമാണ്. കൊല്ലം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങള്‍ മുഴുവന്‍ ഈ റോഡിലൂടെയാണ് കടന്നുപോകുന്നത്. ഈ റോഡ് നന്നാക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. അതേ സമയം കുഴികളില്ലാതെ മികച്ച നിലവാരത്തിലുളള പാലസ് റോഡ് വീണ്ടും ടാര്‍ ചെയ്യുന്നതാണ് കഴിഞ്ഞദിവസം നാട്ടുകാര്‍ കണ്ടത്. ഇതിനെതിരെയാണ് പ്രതിഷേധമുയര്‍ന്നിരിക്കുന്നത്.