ആര്യനാട് : ഉഴമലയ്ക്കൽ – തൊളിക്കോട് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡായ കുളപ്പട – പനയ്‌ക്കോട് – മന്നൂർക്കോണം റോഡ് ആധുനിക നിലവാരത്തിലേക്ക്. നിർമ്മാണം രണ്ടാം ഘട്ടത്തിലേക്ക് കടന്ന റോഡിന്റെ ടാറിങ് ജോലികൾ ഇന്നലെ ആരംഭിച്ചു. ബിഎം & ബിസി നിലവാരത്തിൽ നിർമ്മിക്കുന്ന റോഡിന്റെ ബിഎം നിലവാരത്തിലുള്ള ടാറിങ് ആണ് ആരംഭിച്ചത്. അത് പൂർത്തിയാക്കിയ ശേഷം ബിസി നിലവാരത്തിൽ ടാറിങ് പൂർത്തിയാക്കുമെന്ന് കെ.എസ്.ശബരീനാഥൻ എംഎൽഎ അറിയിച്ചു.
ഉഴമലയ്ക്കൽ പഞ്ചായത്തിലെ കുളപ്പടയിൽ ആരംഭിച്ചു തൊളിക്കോട് പഞ്ചായത്തിലെ മന്നൂർക്കോണം മുതിയൻകാവ് പാലം വരെ അവസാനിക്കുന്ന 7 കിലോമീറ്റർ ദൂരം റോഡാണ് നവീകരിക്കുന്നത്. 7.50 കോടി രൂപ വിനിയോഗിച്ചു നടക്കുന്ന പ്രവർത്തിയിൽ ആദ്യ ഘട്ടമായി വീതികൂട്ടൽ, ഓട, സംരക്ഷണ ഭിത്തി നിർമ്മാണം എന്നിവ പൂർത്തിയായിരുന്നു. തുടർന്നാണ് ഇപ്പോൾ ടാറിങ് ജോലികളിലേക്ക് കടന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ കെ.എസ്.ശബരീനാഥൻ എംഎൽഎ എത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തോട്ടുമുക്ക് അൻസർ, ഗ്രാമ പഞ്ചായത്ത് മെമ്പർ നട്ടുവൻകാവ് വിജയൻ, പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയർ വൈശാഖ്, ഓവർസിയർ ബിജോയ്, കരാറുകാരൻ മോഹൻകുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. അവശേഷിക്കുന്ന ടാറിങ് ജോലികളും അനുബന്ധ പ്രവർത്തനങ്ങളും വേഗത്തിൽ പൂർത്തിയാക്കി റോഡ് ജനങ്ങൾക്കായി സമർപ്പിക്കുമെന്ന് എംഎൽഎ അറിയിച്ചു.
ഫോട്ടോ : കുളപ്പട – മന്നൂർക്കോണം റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താൻ കെ.എസ്.ശബരീനാഥൻ എംഎൽഎ എത്തിയപ്പോൾ.