കല്ലമ്പലം: വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ പ്രലോഭിപ്പിച്ച് കടത്തി കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച വെവ്വേറെ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഒറ്റൂർ മുള്ളറംകോട് പ്രസിഡന്റ് മുക്ക് പാണൻ കോളനിയിൽ പുതുവൽവിള വീട്ടിൽ രാഹുൽ (19), ചെറുന്നിയൂർ കാറാത്തല ലക്ഷംവീട് കോളനിയിൽ ഷിജു (28) എന്നിവരാണ് അറസ്റ്റിലായത്. 15 കാരിയെ പീഡിപ്പിച്ച ശേഷം പലസ്ഥലങ്ങളിലായി മാറിമാറി ഒളിവിൽ കഴിഞ്ഞിരുന്ന രാഹുലിനെ പേരൂർക്കടയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. 17 കാരിയെ കൂട്ടികൊണ്ടുപോയി മൂങ്ങോട് കായലിനു സമീപം കുറ്റിക്കാട്ടിൽ വച്ച് പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ ഷിജുവിനെ കാറാത്തലയ്ക്ക് സമീപവും വച്ചാണ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥികളുടെ രക്ഷകർത്താക്കളുടെ പരാതിയിൽമേൽ അന്വേഷണം നടക്കവെ ആറ്റിങ്ങൽ ഡി.വൈ.എസ്.പി എസ്.വൈ സുരേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഫറോസ്. ഐ, സബ് ഇൻസ്പെക്ടർ അനിൽ.ആർ.എസ്, എ.എസ്.ഐ രാജീവ്, സി.പി.ഒ പ്രശാന്ത്, ഷാഡോ ടീമംഗങ്ങളായ ഷിജു, അനൂപ്, സുനിൽരാജ്, വനിതാസെൽ സബ് ഇൻസ്പെക്ടർ ലിസി.ഡി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പോക്സോ ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
