വിതുര: വിതുര ഗവ താലുക്ക് ആശുപത്രിയിൽ അതിക്രമിച്ചു കയറി പണവും 35000രൂപ വിലയുള്ള ഐഫോണും മോഷ്ടിച്ച യുവാവ് പിടിയിൽ. തൊളിക്കോട് മാജിതാ മൻസിലിൽ അൽ അമീൻ (32) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 15നാണ് സംഭവം നടന്നത്. ടെക്നീഷനായ വിതുര സ്വദേശി ആമിനയുടെ പണമടങ്ങിയ ബാഗും മൊബൈൽ ഫോണുമാണ് മോഷ്ടിച്ചത്. സംഭവ ദിവസം അൽ അമീൻ ആശുപത്രിപരിസരത്ത് ചുറ്റിക്കറങ്ങുന്നതായി തൊളിക്കോട് സ്വദേശിയായ ഒരാൾ കണ്ടിരുന്നു. ഈ വിവരം സ്റ്റേഷനിൽ അറിയിച്ചു. തുടർന്ന് പൊലിസ് അൽ അമീനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം തെളിഞ്ഞത്. വിതുര സി. ഐ എസ്. ശ്രീജിത്ത്, എസ്.ഐ വി.എൽ. സുധീഷ്, എ.എസ്.ഐ വിനോദ്, സി.പി.ഒമാരായ നിതിൻ, ഹാഷിം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
