ആറ്റിങ്ങൽ : ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ എത്തിയെന്നും ആറ്റിങ്ങലുകാർക്ക് പുതുവർഷ സമ്മാനമായി സ്റ്റേഡിയം സമർപ്പിക്കുമെന്നും ആറ്റിങ്ങൽ എംഎൽഎ അഡ്വ ബി സത്യൻ പറഞ്ഞു. നിർമ്മാണ പണികൾ നേരിട്ട് വിലയിരുത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ദേശീയ നിലവാരത്തിലുള്ള ഫുട്ബാൾ ഗ്രൗണ്ട് ഏകദേശം പൂർത്തിയായി. ഇനി പോസ്റ്റ് സ്ഥാപിക്കലും, പുല്ല് ചെത്തി, റോളിംഗ് നടത്തുന്ന ജോലികൾ മാത്രമാണ് ഉള്ളത്. ദേശിയ നിലവാരമുള്ള മത്സരങ്ങൾ ഇവിടെ നടത്താനുള്ള സൗകര്യങ്ങളുണ്ടാവും.
400 മീറ്റർ സിന്തറ്റിക്ക്ട്രാക്ക് 370 മീറ്റർ മെറ്റൽ മിക്സ് ഇട്ടു കഴിഞ്ഞു. മെറ്റലും പാറ പൊടിയും മണലും സിമൻ്റും ചേർത്ത് മിക്സ് ചെയ്ത് അതിന് പുറത്ത് സിന്തറ്റിക്ക് പാളി ഒട്ടിക്കും. ഗ്രൗണ്ടിന് ഇരു ഭാഗത്തുമായി വിവിധ മത്സരങ്ങൾ നടത്താൻ കഴിയുന്ന ” D ” സർക്കിൾ, നിർമ്മാണവും പുരോഗമിക്കുകയാണ്. ത്രോ വിഭാഗം മത്സരങ്ങൾ, ജാവലിൻ, ഹാർമർ ,ഷോട്ട്പുട്ട്, പോൾ വാട്ട്, ഹെജമ്പ് ,ലോഗ് ജമ്പ് ,ട്രിപ്പിൾ ചെയ്സ്, തുടങ്ങിയ മത്സരങ്ങൾ സ്റ്റേഡിയത്തിൻ്റെ ഇരുഭാഗത്തും നടത്താൻ കഴിയും.
ഒരേ സമയം രണ്ട് സർക്കിളിലായി മത്സരം നടത്താൻ കഴിയുന്ന സൗകര്യവും ഇവിടെ ഉണ്ടാവും. ദേശീയ അന്തർദേശീയ മത്സരങ്ങൾക്ക് ഇനി ശ്രീപാദം സ്റ്റേഡിയം വേദിയാകും. കായിക വകുപ്പിൻ്റെ കീഴിൽ സംസ്ഥാന സ്പോട്ട്സ് കൗൺസിലിൻ്റെ സംസ്ഥാനത്തെ ഒന്നാമത്തെ ആധുനിക സൗകര്യമുള്ള സ്റ്റേഡിയമാക്കി ഉയർത്തുകയാണ് ലക്ഷ്യമെന്നും സ്പോട്ട്സ് കൗൺസിൽ ഭാരവാഹികളുമായി ചർച്ച ചെയ്ത് വേഗം നിർമ്മാണം പൂർത്തിയാക്കുമെന്നും എംഎൽഎ പറഞ്ഞു. ശ്രീപാദം സ്റ്റേഡിയം കെയർ ടേക്കർ ഷാജി, കായിക അധ്യാപകൻ ബൈജു എന്നിവരും എംഎൽഎയ്ക്കൊപ്പം ഉണ്ടായിരുന്നു.