വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായ പിടികിട്ടാപ്പുള്ളി വർഷങ്ങൾക്കുശേഷം അറസ്റ്റിലായി. കടയ്ക്കൽ ഈയക്കോട് പുല്ലുപണ പന്തുവിളവീട്ടിൽ റോബിൻ (41) ആണ് അറസ്റ്റിലായത്. 2010 ലെ അടിപിടി കേസിൽ വർക്കല കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 2017 ൽ തോട്ടയ്ക്കാട് ജംഗ്ഷനിൽ വച്ച് ഷിബു എന്നയാളെ വാളുകൊണ്ട് വെട്ടിയും കമ്പിക്കൊണ്ട് അടിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം സംസ്ഥാനത്തിന് അകത്തും പുറത്തുമായി വിവിധയിടങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരുകയായിരുന്നു. ഈ കേസിലെ ഒന്നാം പ്രതി ബിജുവിനെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. കല്ലമ്പലം പൊലീസ് സ്റ്റേഷനിലെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ട റോബിൻ ഒളിവിൽ കഴിഞ്ഞു വരവേ മറ്റൊരു കുറ്റകൃത്യം നടത്തുന്നതിനായി കൂട്ടാളികളെ അന്വേഷിക്കുന്നതായി ആറ്റിങ്ങൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൂട്ടുപ്രതികളുടെ വാസസ്ഥലം നിരീക്ഷണത്തിലായിരുന്നു. ആറ്റിങ്ങൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എസ്.വൈ. സുരേഷിന്റെ നിർദ്ദേശപ്രകാരം കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഫറോസ്.ഐ, സബ് ഇൻസ്പെക്ടർ ഗംഗാപ്രസാദ്, ഗ്രേഡ് എസ്.ഐമാരായ രാധാകൃഷ്ണൻ, ജയൻ, എ.എസ്.ഐ സുനിൽ എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം കല്ലമ്പലം പുല്ലൂർമുക്ക് തോട്ടത്തിൽ വീട്ടിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.