പള്ളിപ്പുറം: ശത്രുവിനെ നേരിടുന്നതിൽ പ്രകടിപ്പിച്ച ധൈര്യവും ധീരതയും സർവ്വോപരി മാതൃരാജ്യത്തിന് വേണ്ടിയുള്ള രക്തസാക്ഷിത്വവും പരിഗണിച്ച് കോൺസ്റ്റബിൾ ലജുവിന് 2020ലെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രം ധീരതയ്ക്കുള്ള പോലീസ് മെഡൽ മരണാനന്തര ബഹുമതിയായി നൽകി ആദരിച്ചു. 2016 മാർച്ച് 3 -ന് സി.ആർ.പി.എഫ് 208 കോബ്ര യൂണിറ്റിലെ ഒരു സംഘം ഛത്തീസ്ഗഢിലെ സുഖ്മാ ജില്ലയിൽ കിസ്താറാം പോലീസ് സ്റ്റേഷൻ അധീനതയിലുളള ദബ മർക എന്ന പ്രദേശത്ത് നക്സൽ വിരുദ്ധ വേട്ടയ്ക്കായി നിയോഗിക്കപ്പെട്ടു. എന്നാൽ സംഘത്തിന് മേൽ നക്സലൈറ്റുകൾ അതി തീവ്രമായി വെടിയുതിർക്കുകയായിരുന്നു.
സേനാംഗങ്ങൾ വളരെ ഫലപ്രദമായി പ്രത്യാക്രമണവും നടത്തി. പോലീസ് സംഘത്തിൻ്റെ പ്രത്യാക്രമണത്തിൽ കോൺസ്റ്റബിൾ ലജു തൻ്റെ ജീവൻ തൃണവൽഗണിച്ചു കൊണ്ട് മുന്നേറുകയും നക്സലൈറ്റുകൾക്കെതിരെ വെടിയുതിർക്കുകയും ചെയ്തു. എന്നാൽ നക്സലൈറ്റുകളുടെ അതിക്രൂരമായ പ്രത്യാക്രമണത്തിൽ കോൺസ്റ്റബിൾ ലജുവിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തുടർന്ന് പരിക്കേറ്റ ലജുവിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി ജീവൻ വെടിയുകയായിരുന്നു. സി.ആർ.പി.എഫ് – ഡി.ഐ.ജി മാത്യു ജോൺ വെള്ളിയാഴ്ച ഷഹീദ് ലജുവിൻ്റെ ഭവനം സന്ദർശിക്കുകയും രക്തസാക്ഷിയോടുള്ള ആദര സൂചകമായി ഷഹീദ് ലജുവിൻ്റെ മാതാവ് സുലോചനയെ പൊന്നാട അണിയിക്കുകയും രക്തസാക്ഷിയുടെ പ്രതിമയിൽ പുഷ്പ ചക്രം അർപ്പിക്കുകയും ചെയ്തു.