ഹൃദ്രോഗത്തെ തുടർന്ന് അകാലത്തിൽ അന്തരിച്ച പ്രശസ്ത ഹാസ്യ കലാകാരൻ ഷാബുരാജിന്റെ വീടിന്റെ പണി പൂർത്തീകരിച്ച് എംഎൽഎ അഡ്വ ബി സത്യൻ താക്കോൽ കൈമാറി. അഡ്വ.ബി.സത്യൻ എം.എൽ.എ യുടെ അഭ്യർത്ഥന മാനിച്ച് എം.എൽ.എയുടെ സമീപവാസിയും, സുഹൃത്തുമായ ദുബായിലെ സംരഭകൻ കോശി മാമ്മൻ ,ഭാര്യ ലീല കോശി എന്നിവർ ചേർന്നാണ് വീടിന്റെ പണി പൂർത്തിയാക്കാൻ സന്മനസ്സ് കാണിച്ചത്. ഷാബുരാജിന്റെ ചികിത്സയെ തുടർന്ന് കടക്കെണിയിലാവുകയും അകാലമരണത്തെ തുടർന്ന് അടച്ചുറപ്പില്ലാത്ത വീട്ടിൽ ഷാബുരാജിന്റെ വിധവ ചന്ദ്രിക ,മക്കളായ ജീവൻ, ജ്യോതി , ജിത്തു, ജിഷ്ണു എന്നിവരുമായി കഴിയേണ്ടുന്ന അവസ്ഥക്ക് എം.എൽ.എയുടെ സമയോചിത ഇടപെലോടെ പരിഹാരം ഉണ്ടാവുകയായിരുന്നു. ഷാബുരാജിന്റെ വിദ്യാർത്ഥികളായ മൂന്ന് മക്കൾക്ക് ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള ടെലിവിഷൻ സെറ്റ് ബി.സത്യൻ എം.എൽ.എ തന്നെ സ്പോൺസർ ചെയ്തു .കരവാരം ഗ്രാമ പഞ്ചായത്ത് ഓണക്കിറ്റും, രാജകുമാരി ഗ്രൂപ്പ് ഓണക്കോടികളും കൈമാറി. പഞ്ചായത്ത് പ്രസിഡൻറ് ഐ.എസ്. ദീപ, വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, വാർഡ് മെമ്പർമാരായ വി.എസ്.പ്രസന്ന, സുനി പ്രസാദ് പൊതുപ്രവർത്തകരായ സജീർ രാജകുമാരി ,അബ്ദുൾ അസീസ് എന്നിവരും എം.എൽ.എ യോടൊപ്പം എത്തിയിരുന്നു.
 
  
 
 
								 
															 
								 
								 
															 
															 
				

