നെടുമങ്ങാട്: നഗരസഭയിൽ ഹരിത കർമസേന കിണഞ്ഞു പരിശ്രമിച്ചിട്ടും മാലിന്യ സംസ്കരണത്തിന് പരിഹാരമാകുന്നില്ല. ഉറവിടങ്ങളിൽത്തന്നെ മാലിന്യങ്ങൾ സംസ്കരിക്കണമെന്ന നഗരസഭയുടെ നിർദേശം നാട്ടുകാർ അവഗണിച്ചതോടെ നെടുമങ്ങാട് ടൗണിലും പരിസരപ്രദേശങ്ങളിലും മാലിന്യങ്ങൾ കുമിഞ്ഞുതുടങ്ങി. മാലിന്യ ശേഖരണവും സംസ്കരണവും നടക്കുന്നുണ്ടെങ്കിലും പാതയോരങ്ങളിലും തോടുകളിലും, ജലാശയങ്ങളിലും മാലിന്യം കുമിഞ്ഞുകൂടുന്നു.
നെടുമങ്ങാട് സൂര്യാറോഡിന് സമാന്തരമായുള്ള തോട്ടിൽ വെള്ളം ഒഴുകാൻപോലും സാധിക്കാത്തവിധം മാലിന്യം അടിഞ്ഞുകൂടി. വ്യാപാര സ്ഥാപനങ്ങളിൽനിന്നു കൂട്ടത്തോടെ കൊണ്ടുതള്ളുന്ന മാലിന്യമാണ് ഇവിടെ കുന്നുകൂടുന്നത്. മാലിന്യങ്ങളിൽനിന്നുള്ള ദുർഗന്ധം അസഹനീയമായതോടെ ഇതുവഴി കാൽനടപോലും അസാധ്യമായി. ഇവിടെ കൊച്ചുകുട്ടികളുടെ വിദ്യാലയം ഉൾപ്പടെ നാലുസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
കല്ലമ്പാറ റോഡ്, കുളവിക്കോണം, അന്താരാഷ്ട്ര മാർക്കറ്റ് പരിസരം തുടങ്ങി ഒട്ടുമിക്ക സ്ഥലങ്ങളിലെയും റോഡുകളിൽ ഇപ്പോഴും മാലിന്യം കുന്നുകൂടുകയാണ്. മാലിന്യങ്ങളോടൊപ്പം മാംസാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതും പതിവാണ്. ഇതുകാരണം നഗരം തെരുവുനായ്ക്കളുടെ പിടിയിലാണിപ്പോൾ.
ഹോട്ടലുകൾ, കച്ചവടസ്ഥാപനങ്ങൾ എന്നിവിടങ്ങിൽ നഗരസഭ നിശ്ചയിച്ച സ്ഥാപനത്തിന്റെ മാലിന്യനിക്ഷേപ പെട്ടി സ്ഥാപിച്ചെങ്കിലും ഇതിലെ മാലിന്യം കൃത്യസമയത്ത് നീക്കംചെയ്യാൻ അധികൃതർക്കാകുന്നില്ല. ലൈസൻസ് പുതുക്കുന്നതിനായി ഒട്ടുമിക്ക കടകളും സ്ഥാപനത്തിന്റെ ബില്ലുകൾ വാങ്ങി മുനിസിപ്പാലിറ്റിക്ക് നൽകിയെന്നതൊഴിച്ചാൽ മാലിന്യനീക്കത്തിനെ സഹായിക്കുന്ന സംവിധാനമൊരുക്കിയില്ലെന്നും ആരോപണമുണ്ട്.
മാംസവ്യാപാര കടകളാണ് ഏറ്റവുമധികം മാലിന്യ പ്രശ്നമുണ്ടാക്കുന്നത്. ഇവരെ നിയന്ത്രിക്കാൻ ഒരു നടപടിയും നഗരസഭയുടെ ഭാഗത്തുനിന്നും ഇല്ല. ഇവിടെ നിന്നുള്ള മാലിന്യങ്ങൾ നഗരസഭാ പ്രദേശത്ത് നിക്ഷേപിക്കാൻ പാടില്ലെന്ന് നഗരസഭ നിരവധിതവണ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. എന്നാൽ, ഇപ്പോഴും മാറ്റം വന്നിട്ടില്ല.