പൂവച്ചൽ : അരുവിക്കര മണ്ഡലത്തിലെ ഉറിയാക്കോട്- മുളയറ റോഡുനവീകരണം പൂർത്തിയാകാൻ വൈകുന്നു. പൂവച്ചൽ പഞ്ചായത്തിലെ ഉറിയാക്കോട് നിന്ന് നെടിയവിളവഴി മുളയറവരെയുള്ള നാലരക്കിലോമീറ്റർ റോഡാണ് ബി.എം.-ബി.സി. നിലവാരത്തിൽ 5.40 കോടി ചെലവിട്ട് നവീകരിക്കുന്നത്.
റോഡ് വീതികൂട്ടുന്നതിനായി ഇരുവശത്തും കോരിയ ചാലുകളിലും, റോഡിലെ കുഴികളിലും മെറ്റലും സിമന്റും ചേർന്ന മിശ്രിതം നിറച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. ഒപ്പം റോഡിലെ നാല് കലുങ്കുകളിൽ അടിത്തറകെട്ടി കോൺക്രീറ്റ് സ്ലാബ് നിർമിക്കുന്ന ജോലികളും ആരംഭിച്ചിരുന്നു. ഉടൻ ടാറിങ് നടത്താനാകും എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, ഈ ജോലികൾ ആരംഭിച്ചിട്ട് മാസങ്ങളായിട്ടും ടാറിങ് നടന്നില്ല.
റോഡിൽ ഇപ്പോൾ നിറച്ച സിമന്റ് ചേർത്ത മണൽ കടുത്ത വേനലിൽ പൂർണമായും ഇളകിയ സ്ഥിതിയിലാണ്. വാഹനങ്ങൾ കടന്നുപോകുമ്പോഴും, വലിയ കാറ്റിലും ഉയരുന്ന പൊടി നാട്ടുകാരെ വലയ്ക്കുന്നു, ഒപ്പം മെറ്റൽ ഇളകിത്തെറിക്കുന്നത് അപകടങ്ങൾക്കും ഇടയാക്കുന്നു. റോഡിലെ ചില ഭാഗത്തെ കുഴികൾ അതേപടി തുടരുന്നതും വാഹനയാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നു. റോഡുപണി സമയബന്ധിതമായി തന്നെയാണ് പുരോഗമിക്കുന്നതെന്ന് പൊതുമരാമത്ത് അധികൃതർ പറയുന്നു. കലുങ്കുകളിലെ സ്ലാബിടുന്ന ജോലി പൂർത്തിയായി വരുന്നതായും ഉടൻ ടാറിങ് നടക്കുമെന്നും അധികൃതർ അറിയിച്ചു.