വെഞ്ഞാറമൂട്: വെള്ളി അങ്കി മോഷണം പോയതുമായി ബന്ധപ്പെട്ട കേസിൽ രണ്ടു പേർ അറസ്റ്റിലായി. പിരപ്പൻകോട് കല്ലുവെട്ടാൻകുഴി വീട്ടിൽ സുധി എന്നറിയപ്പെടുന്ന സഞ്ജയ് (24), വയ്യേറ്റിനു സമീപം കുഴിവിള കോളനിയിൽ കുഴിവിള വീട്ടിൽ കിച്ചി എന്നറിയപ്പെടുന്ന ഭരത് (19) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് മഠത്തിലെ പത്തായപ്പുരയിൽ സൂക്ഷിച്ചിരുന്ന ദേവീ വിഗ്രഹം മോഷണം പോയത്. അന്നുതന്നെ മഠത്തിലെ താമസക്കാർ വെഞ്ഞാറമൂട് പൊലീസിൽ പരാതി നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സമീപത്തെ വീടുകളിൽ സ്ഥാപിച്ചിരുന്ന സി.സി.ടിവികളിൽ നിന്നുള്ള ദൃശ്യങ്ങളും ശേഖരിച്ചിരുന്നു. മോഷണ ദിവസം വൈകിട്ട് മഠത്തിനു സമീപം ഒരു ബൈക്കിൽ മൂന്നു പേർ ഒരു പൊതിയുമായി പോകുന്നിന്റെ ദൃശ്യം പൊലീസിൽ സംശയം ജനിപ്പിച്ചു. തുടരന്വേഷണത്തിൽ ശനിയാഴ്ച പുലർച്ചെ വേങ്കമല ക്ഷേത്ര പരിസരത്ത് നിന്നു സംശയാസ്പദമായ നിലയിൽ കണ്ട സഞ്ജയിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കേസിലെ മറ്റൊരു പ്രതിയായ ഭരതിനെ ഉച്ചയോടെ കുഴിവിള കോളനിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ ഇരുവർക്കും മോഷണത്തിലുള്ള പങ്ക് വ്യക്തമായതോടെ പ്രതികളെയും കൂട്ടി പൊലീസ് മഠത്തിനു സമീപത്തുള്ള കുറ്റിക്കാട്ടിൽ ഒളിപ്പിച്ചിരുന്ന വിഗ്രഹം കണ്ടെടുക്കുകയായിരുന്നു വെഞ്ഞാറമൂട് സർക്കിൾ ഇൻസ്പെക്ടർ എസ്.ജയകുമാർ, എസ്.ഐ.തമ്പിക്കുട്ടി, ഗ്രേഡ് എസ്.ഐ.മാരായ എം.മധു, അജികുമാരൻ നായർ, സിവിൾ പൊലീസ് ഓഫീസർമാരായ ഉമേഷ്, സജി, മഹേഷ്, ജയകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
