വിളവൂർക്കൽ : റോഡ് കൈയേറി മണ്ണിടിച്ചു മാറ്റിയുള്ള നിർമാണ പ്രവർത്തനം നാട്ടുകാർ തടഞ്ഞു. പേയാട് പള്ളിമുക്ക് പെട്രോൾ പമ്പ് ജംഗ്ഷന് സമീപത്ത് സ്വകാര്യ വ്യക്തി നടത്തുന്ന നിർമാണ പ്രവർത്തനങ്ങളാണ് ഇന്നലെ നാട്ടുകാർ തടഞ്ഞത്.ഒരേക്കറോളം വരുന്ന സ്ഥലത്ത് ചതുപ്പും കൈത്തോടും ചേർന്ന പ്രദേശമാണ്. ഇന്നലെ റോഡ് നിരപ്പിലുണ്ടായിരുന്ന ഭൂമി 15 അടിയോളം താഴ്ചയിൽ മണ്ണുമാന്തി ഉപയോഗിച്ച് മണ്ണിടിച്ച് ചതുപ്പ് പ്രദേശം നികത്താൻ ആരംഭിച്ചത്. മണ്ണിടിച്ചതോടെ റോഡുവക്കിലെ കരിങ്കൽകെട്ട് തകർന്ന് വീണു.തുടർന്ന് വിളവൂർക്കൽ പഞ്ചായത്ത് പ്രസിഡന്റ് വി.അനിൽകുമാറിന്റെയും ബ്ലോക്ക് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണന്റെയും നേതൃത്വത്തിൽ നാട്ടുകാർ നിർമാണ പ്രവർത്തനം തടഞ്ഞു.തുടർന്ന് മലയിൻകീഴ് പോലീസും ഡെപ്യൂട്ടി തഹസിൽദാറും സ്ഥലത്തെത്തി പ്രദേശത്തെ നിർമാണ പ്രവർത്തനങ്ങളെല്ലാം നിർത്തിവയ്പ്പിച്ചു.രേഖകൾ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്നും ഡെപ്യുട്ടി തഹസിൽദാർ ഗോപാലകൃഷ്ണൻ ജനപ്രതിനിധികൾക്ക് ഉറപ്പ് നൽകി.