ആറ്റിങ്ങൽ : ആറ്റിങ്ങൽ കോരാണിയിൽ കെണ്ടയ്നർ ലോറിയിൽ കടത്തിയ 500 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിൽ രണ്ട് കണ്ണൂർ സ്വദേശികൾ കസ്റ്റഡിയിൽ. ഇരിക്കൂർ ചീങ്ങാകുണ്ടം സ്വദേശികളായ സുബിലാഷ്, സുബിത്ത് എന്നിവരെയാണ് ചൊവ്വാഴ്ച മൈസൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇവർ പ്രമുഖ രാഷ്ട്രീയപാർട്ടി പ്രവർത്തകരാണെന്നറിയുന്നു.
മൈസൂരുവിലെത്തിച്ച ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരുകയാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയിൽ 20 കോടി രൂപ വിലവരുന്ന കഞ്ചാവാണ് ആറ്റിങ്ങലിൽ കഴിഞ്ഞയാഴ്ച പിടിച്ചെടുത്തത്.
ഹൈദരാബാദിൽനിന്നും ആന്ധ്രയിൽനിന്നും കർണാടകയിലെത്തിക്കുന്ന കഞ്ചാവ് മൈസൂരുവഴി കേരളത്തിലേക്ക് എത്തിക്കുന്ന വൻ ശൃംഖല തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. കേസിലെ മുഖ്യപ്രതി ചിറയിൻകീഴ് മുട്ടപ്പലം സ്വദേശി ജയൻ എന്ന ജയചന്ദ്രൻ നായരെ എക്സൈസ് പ്രത്യേക അന്വേഷണ സംഘം മൂന്നുദിവസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രധാന പ്രതികളായ തൃശൂർ സ്വദേശി സെബു, വടകര സ്വദേശി ആബേഷ് എന്നിവർ ഒളിവിലാണ്.
ആന്ധ്രയിൽനിന്നെത്തിച്ച കഞ്ചാവ് സുരക്ഷിത താവളം തേടി ലോറി ജീവനക്കാരായ പഞ്ചാബ്, ഝാര്‍ഖണ്ഡ് സ്വദേശികളുടെ സഹായത്തോടെ കേരളത്തിലേക്ക് കടത്തുകയായിരുന്നു. മൈസൂരുവിൽ താമസിക്കുന്ന കോഴിക്കോട് സ്വദേശി ജിതിൻ രാജാണ് കഞ്ചാവ് കേരളത്തിലേക്ക് അയച്ചതെന്നാണ് വിവരം. ഇയാൾക്കായി മൈസൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കർണാടകയിൽ വ്യാപക റെയ്ഡ് നടന്നുവരുകയാണ്.
https://www.facebook.com/153460668635196/posts/658776554770269/