വിളപ്പിൽ : പ്രത്യേക വിശ്രമകേന്ദ്രം, മുലയൂട്ടുന്ന അമ്മമാർക്കായി ഇടം, നാപ്കിൻ വെൻഡിങ് മെഷീൻ, ഇൻസിനറേറ്റർ, ടോയ്‌ലെറ്റ്, സോളാർ ലൈറ്റുകൾ, ഫാനുകൾ, ബെഞ്ചുകൾ… ഒരു ബസ് കാത്തിരിപ്പുകേന്ദ്രത്തിലെ സൗകര്യങ്ങള്‍തന്നെയാണിവ. വിളപ്പിലിന്റെ വഴിയോരം സ്ത്രീസൗഹൃദമാകുകയാണ്. കാത്തിരിപ്പുകേന്ദ്രങ്ങള്‍ പോലും അതിനായി ഒരുങ്ങിയിരിക്കുന്നു, വിളപ്പിൽശാല ജങ്‌ഷനിലെ ഈ സ്ത്രീ സൗഹൃദ ബസ് കാത്തിരിപ്പ് കേന്ദ്രം സംസ്ഥാനത്തുതന്നെ ആദ്യത്തേതാണ്.
കാട്ടാക്കട നിയോജക മണ്ഡലം സ്ത്രീ സൗഹൃദ മണ്ഡലമാക്കുക എന്ന ലക്ഷ്യവുമായി ഐ ബി സതീഷ് എംഎൽഎയുടെ നേതൃത്വത്തിൽ നടപ്പാക്കിയ ‘ഒപ്പം’ പദ്ധതിയുടെ ഭാഗമായാണിത്. ആദ്യ ഘട്ടമായി മണ്ഡലത്തിലെ 5 സ്ഥലത്താണ് ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ഇതിൽ ആദ്യത്തേതാണ് വിളപ്പിൽശാലയിൽ. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്നാണ് തുക അനുവദിച്ചത്. പുരുഷൻമാർക്കും പ്രത്യേക ടോയ്‌ലെറ്റ് ബ്ലോക്ക് ഉൾപ്പെടെ 320 ചതുരശ്ര അടി വിസ്തീർണത്തിലാണ് വിശ്രമ കേന്ദ്രം. കുടുംബശ്രീ യൂണിറ്റ് നടത്തുന്ന കടമുറിയും ഇതിനൊപ്പമുണ്ട്. കാത്തിരിപ്പ് കേന്ദ്രത്തിന്റെ പരിപാലനം കുടുംബശ്രീ യൂണിറ്റിനാകും.
ഐ ബി സതീഷ് എംഎൽഎ കേന്ദ്രം ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് കെ അനിൽകുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ, കെ ചന്ദ്രിക എന്നിവർ പങ്കെടുത്തു.
