വർക്കല : താത്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഗവ. ഐ.ടി.ഐക്ക് സ്വന്തം കെട്ടിടമൊരുങ്ങുന്നു. ഇതിനായി വർക്കല താലൂക്ക് ഓഫീസിന് സമീപം 1.15 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ അനുവദിച്ചതായി വി. ജോയി എം.എൽ.എ അറിയിച്ചു. 2018ൽ ആരംഭിച്ച ഐ.ടി.ഐ പുന്നമൂട് എൻ.എസ്.എസ് കരയോഗത്തിന്റെയും കുരയ്ക്കണ്ണി എൻ.എസ്.എസ് കരയോഗത്തിന്റെയും കെട്ടിടത്തിലാണ് നിലവിൽ പ്രവർത്തിക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ ഉടമസ്ഥതയിലുള്ള മൂന്നേക്കർ ഭൂമിയിൽ നിന്നാണ് 4 ട്രേഡുകളിൽ സാങ്കേതിക വിദ്യാഭ്യാസം നൽകുന്ന ഐ.ടി.ഐക്കായി ഭൂമി അനുവദിച്ചത്. മുഖ്യമന്ത്രിക്ക് എം.എൽ.എ നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി. ഭൂമിയുടെ രേഖ വർക്കല താലൂക്ക് ഓഫീസിൽ നടന്ന ചടങ്ങിൽ എം.എൽ.എ ഐ.ടി. ഐ പ്രിൻസിപ്പലിന് കൈമാറി. തഹസീൽദാർ ടി. വിനോദ് രാജ് സന്നിഹിതനായിരുന്നു. ആധുനിക സൗകര്യമുള്ള കെട്ടിടം നിർമ്മിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് എം.എൽ.എ അറിയിച്ചു.