വെമ്പായം : കോഴി ഫാമിന്റെ മറവില്‍ ചാരായവാറ്റ്. 500 ലിറ്റര്‍ കോടയും 10 ലിറ്റര്‍ ചാരായവും മറ്റ് വാറ്റുപകരണങ്ങളും സ്ഥലത്തുനിന്ന‌് പിടികൂടി. വെമ്പായം പഞ്ചായത്തിലെ ചീരാണിക്കര സ്വദേശിയുടെ ഉടമസ്ഥതയില്‍ വെട്ടുപാറയിലുള്ള വീട്ടില്‍നിന്നാണ് കോടയും ചാരായവും പിടികൂടിയത്. മലയിൻകീഴ് സ്വദേശിയായ ഒരാള്‍ കോഴിഫാം നടത്തുന്നതിനായി ഒരു മാസം മുമ്പ‌് ഈ വീട‌് വാടകയ‌്ക്ക‌് എടുത്തിരുന്നു. ഫാമിനായി ഷെഡ‌് കെട്ടിയെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചിരുന്നില്ല. എന്നാൽ, വീട്ടില്‍നിന്ന‌് കോടയും ചാരായവും പിടികൂടിയതോടെ കോഴി ഫാം നടത്തുകയല്ല ചാരായം വാറ്റുകയായിരുന്നു വീട് വാടകയ‌്ക്ക് എടുത്തവരുടെ ലക്ഷ്യമെന്ന സംശയം ബലപ്പെട്ടിരിക്കുകയാണ്. വീട്ടുവളപ്പിലെ കാട് വെട്ടിത്തെളിക്കുന്നതിന് ചൊവ്വാഴ്ച രാവിലെ എത്തിയ തൊഴിലുറപ്പ‌് തൊഴിലാളികളുടെ അവസരോചിതമായ ഇടപെടലാണ് ചാരായവാറ്റ് കണ്ടെത്തുന്നതിന് സഹായകമായത്. വീടിന‌് സമീപത്തുനിന്ന‌് മദ്യത്തിന്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാര്‍ഡംഗത്തെ ഇവര്‍ വിവരമറിയിച്ചു. തുടര്‍ന്ന് വാര്‍ഡംഗവും വെമ്പായം പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഷീലജ സ്ഥലത്തെത്തുകയും വട്ടപ്പാറ പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ചാരായം വാറ്റാണെന്നു മനസ്സിലാക്കി നെടുമങ്ങാട് എക്‌സൈസിന് വിവരം കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ എക്‌സൈസ് അധികൃതര്‍ ചാരായവും കോടയും പിടിച്ചെടുക്കുകയായിരുന്നു. കൂടാതെ കോട കലക്കാനുപയോഗിച്ച 500 ലിറ്റര്‍ വാട്ടര്‍ ടാങ്ക്, ഗ്യാസ് സിലിണ്ടര്‍, അടുപ്പ്, പ്രഷര്‍ കുക്കര്‍, ഈസ്റ്റ് എന്നിവയും മറ്റ് വാറ്റുപകരണങ്ങളും പിടികൂടിയിട്ടുണ്ട്. വീട്ടില്‍നിന്ന‌് 50 മീറ്റര്‍ അകലത്തായി സ്ഥാപിച്ച ടാങ്കില്‍ കോട കലക്കി പുളിപ്പിച്ച് പിവിസി പൈപ്പ‌് വഴി വീട്ടിലെ പാത്തായപ്പുരയില്‍ എത്തിച്ച് വാറ്റി ചാരായമാക്കുകയായിരുന്നുവെന്ന‌് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ആരെയും അറസ്റ്റുചെയ്യാനായിട്ടില്ല. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി സജിത്, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ എം ആര്‍ ഷാക്കിര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ജയകുമാർ, അനില്‍കുമാര്‍, സിവിൽ എക്‌സൈസ് ഓഫീസര്‍മാരായ അലുണ്‍ സേവ്യര്‍, അഭിലാഷ്, രമ്യ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.