Search
Close this search box.

ബൈക്കിലും കൂളായി യാത്ര ചെയ്യാം, 3000രൂപയ്ക്ക് എ.സിയുമായി കണിയാപുരം സ്വദേശി….

eiFY7TN69172

കണിയാപുരം : എ.സി കാറിൽ പോകുന്നവരെ കണ്ട് പൊരിവെയിലിൽ  ബൈക്കോടിക്കുന്നവർ അസൂയപ്പെടുന്നതു കണ്ടാണു ജോണി തണുപ്പിക്കുന്ന ജാക്കറ്റും ഹെൽമറ്റും നിർമിക്കാൻ ശ്രമം തുടങ്ങിയത്. ഇപ്പോൾ ആ പരിശ്രമം പൂർത്തിയായെന്നു ജോണി അവകാശപ്പെടുന്നു. ബൈക്ക് യാത്രികർക്കും ‘ കൂളാ’യി യാത്ര ചെയ്യാവുന്ന സംവിധാനം താൻ ഒരുക്കിയെന്നാണു മേനംകുളം കിൻഫ്ര പാർക്കിൽ ജോലിചെയ്യുന്ന കണിയാപുരം കല്ലിൻങ്കര ബിജുഭവനിൽ ജെ.ജോണി അവകാശപ്പെടുന്നത്.

ഇതിനായി സാധാരണ ഹെൽമറ്റിൽ ചില ചില്ലറ മിനുക്കുപണികളും പ്രത്യേകം രൂപകൽപന നടത്തിയ  ജാക്കറ്റും ധരിക്കണമെന്നുമാത്രം. ഒരു കിലോഗ്രാം വരുന്ന ഇലക്ട്രോണിക്സ് കൂളിങ് സിസ്റ്റമാണ്  പ്രധാന ഭാഗം. ഇതു ബാഗിനകത്താക്കി അതിനുപുറത്ത് സോളർ സൗരപാനലും പിടിപ്പിച്ചിട്ടുണ്ട്.  സൗരോർജം കൊണ്ടാണു കൂളിങ് സിസ്റ്റം പ്രവർത്തിക്കുന്നത്. സൗരോർജത്തിൽ നിന്നും സംഭരിക്കുന്ന വൈദ്യുതി രണ്ടുമണിക്കൂറിലേറെ  കരുതിവയ്ക്കാനുള്ള ചെറിയ ബാറ്ററിയും ഘടിപ്പിച്ചിട്ടുണ്ട്.
കൂളിങ് സിസ്റ്റം അന്തരീക്ഷത്തിൽ നിന്നും വലിച്ചെടുക്കുന്ന വായു തണുപ്പിച്ച് അതിൽനിന്നു ഘടിപ്പിച്ചിട്ടുള്ള പ്രത്യേക ട്യൂബ് വഴി ശരീരത്തിൽ അണിഞ്ഞിരിക്കുന്ന ജാക്കറ്റിലേയ്ക്കും ഹെൽമറ്റിനോടുചേർത്ത് ഘടിപ്പിച്ചിട്ടുള്ള സുഷിരത്തിലൂടെ  ഹെൽമറ്റിനുള്ളിലേക്കും കടത്തിവിടും. ചൂടുവായു പുറത്തുപോകാനായി ഹെൽമറ്റിൽ തന്നെ  ചെറിയ ഫാനുമുണ്ട്. സാധാരണ ഹെൽമറ്റിൽ ചില മാറ്റങ്ങൾ വരുത്തിയാണു ശീതീകരണിയായിക്കൂടി പ്രവർത്തിക്കുന്ന ഹെൽമറ്റ് നിർമിച്ചിട്ടുള്ളത്.
ഒരു കിലോ  ഹെൽമറ്റും ഒരു കിലോ  കൂളിങ് സിസ്റ്റവും ജാക്കറ്റും ധരിച്ചാൽ ശീതീകരിച്ച കാറിൽ യാത്രചെയ്യുന്ന  പ്രതീതിയുണ്ടാവുമെന്നു ജോണി ഉറപ്പു തരുന്നു.  സൗരോർജം കൊണ്ടുപ്രവർത്തിക്കുന്നതിനാൽ ഇന്ധന ചെലവുമില്ല എല്ലാ സംവിധാനത്തിനും കൂടി ചെലവ് 3,000രൂപ വരുമെന്നാണു ജോണി പറയുന്നത്. ആവശ്യക്കാർക്ക് ഇവ ഉണ്ടാക്കികൊടുക്കാനും ജോണി തയാർ .
കള്ളനെ പിടികൂടുന്ന യന്ത്രവും പാചകവാതക ചോർച്ച കണ്ടെത്താനുള്ള ഉപകരണവും ,കുറഞ്ഞ ചെലവിൽ വാട്ടർ ഹീറ്ററും ഉണ്ടാക്കി ജനശ്രദ്ധ പിടിച്ചുപറ്റിയ ചരിത്രമുള്ള ആളാണ് ഇൻസ്ട്രമെന്റേഷനിൽ ബിടെക് ബിരുദധാരികൂടിയായ ജോണി. ഇപ്പോൾ കിൻഫ്രയിലെ ഫ്രഷ് ആൻഡ് ഫൈൻ എന്ന കമ്പനിയിലെ മെയിന്റനൻസ് എൻജിനീയറാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!