വർക്കല : കഴിഞ്ഞ സെപ്റ്റംബർ 15 തീയതി രാവിലെ വര്‍ക്കല വെട്ടൂര്‍ കയറ്റാഫീസിനു സമീപം അച്ഛനും അമ്മയും മകളും അടങ്ങിയ ഒരു കുടുംബത്തിലെ 3 പേര്‍ തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിലെ കാരണക്കാരനായ പ്രതിയെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വിളപ്പില്‍ വില്ലേജില്‍ പേയാട് ദേശത്ത് കുണ്ടമണ്‍ കടവ് ആഞ്ജനേയത്തില്‍ നിന്നും വട്ടിയൂര്‍ക്കാവ് വില്ലേജില്‍ തിട്ടമംഗലം പുലരി റോഡിനു സമീപം കൂള്‍ ഹോമില്‍ ഒന്നാം നിലയില്‍ TC 37/3195-ാം നമ്പര്‍ വീട്ടില്‍ വാടകയ്ക്ക് താമസിച്ചു വരുന്ന തങ്കപ്പന്‍ മകന്‍ 60 വയസ്സുള്ള അശോക്‌കുമാറാണ് ഇന്ന് അറസ്റ്റിലായത്.
മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വ്വീസ്സിന്റെ ‘എ’ ക്ലാസ്സ് കോണ്ട്രാക്ടറായിരുന്നു മരണപ്പെട്ട ശ്രീകുമാര്‍. ശ്രീകുമാറിന്റെ സുഹൃത്തായിരുന്നു ഇലക്ട്രിക്കല്‍ കൊണ്ട്രാക്ടര്‍ ആയിരുന്ന അശോക്‌കുമാര്‍. ശ്രീകുമാര്‍ ഏറ്റെടുക്കുന്ന മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വ്വീസ്സിന്റെ ജോലികള്‍ സബ്കൊണ്ട്രാക്ട് ആയി എടുത്തു ചെയ്തു വന്നിരുന്നത് അശോക്‌കുമാര്‍ ആണ്. 2014 വര്‍ഷം ശ്രീകുമാര്‍ എടുത്ത ശംഖുമുഖം എയര്‍ഫോഴ്സ് ക്വാര്‍ട്ടേഴ്സിന്റെ 10 കോടി രൂപയുടെ കോണ്ട്രാക്ട് ജോലി സുഹൃത്തായ അശോക്‌കുമാര്‍ സബ്കൊണ്ട്രാക്ട് എടുക്കുകയും ജോലി തുടങ്ങുന്നതിനായി രണ്ടരക്കോടി രൂപാ ബാങ്ക് അക്കൗണ്ട് വഴി അശോക്‌കുമാറിന് ശ്രീകുമാര്‍ നല്‍കുകയും 50 ലക്ഷം രൂപാ ഡോക്യുമെന്റ്സ് സെക്യൂരിറ്റി വയ്ക്കുന്നതിനും നല്‍കിയെങ്കിലും അശോക്‌കുമാര്‍ ജോലി തുടങ്ങുകയോ തുക തിരികെ നല്‍കുകയോ ചെയ്തില്ല. ബാങ്കില്‍ ഭീമമായ തുക കടക്കെണിയിലായ ശ്രീകുമാറിന്റെ വീടും വസ്തുക്കളും ജപ്തി ആവുകയും ചെയ്തു. ഈ അവസരത്തില്‍ അശോക് കുമാറിനോട് താന്‍ നല്‍കിയ പണം തിരികെ നല്‍കുവാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ പണം മടക്കി നല്‍കിയില്ല. ഈ അവസരത്തില്‍ ഏറ്റെടുത്ത ജോലി പൂര്‍ത്തീകരിച്ച് കടക്കെണിയില്‍ നിന്നും രക്ഷപ്പെടാമെന്ന് കരുതി വീണ്ടും ബാങ്കില്‍ നിന്നും ഭീമമായ തുക ലോണ്‍ എടുക്കുകയും പണി പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരികയും മുന്നോട്ടുള്ള ജീവിതം വഴിമുട്ടുകയും മാനഹാനി ഭയന്ന് മകളോടും ഭാര്യയോടും ഒപ്പം ആത്മഹത്യ ചെയ്യുവാന്‍ തീരുമാനിയ്ക്കുകയും ചെയ്തു. പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. പോലീസിന്റെ അന്വേഷണത്തില്‍ സംഭവ സ്ഥലത്ത് നിന്നും ലഭിച്ച ആത്മഹത്യാക്കുറിപ്പില്‍ അശോക്‌കുമാര്‍ ആണ് ശ്രീകുമാറിനെയും കുടുംബത്തെയും ആത്മഹത്യയിലേയ്ക്കു നയിച്ചതെന്ന് മരണപ്പെട്ട ശ്രീകുമാര്‍ രേഖപ്പെടുത്തിയിരുന്നു. ശ്രീകുമാറിന്റെയും അശോക്‌കുമാറിന്റെയും കഴിഞ്ഞ 10 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ സൂക്ഷ്മമായി പരിശോധിച്ചതിനു ശേഷവും, മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വ്വീസ് ഉദ്യോഗസ്ഥരില്‍ നിന്നും മറ്റും ശേഖരിച്ച വിവരത്തിന്റെയും അടിസ്ഥാനത്തില്‍ അശോക്‌കുമാറിന്റെ ഉള്‍പ്പെടല്‍ മനസ്സിലായതിനെത്തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
വര്‍ക്കല പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ ജി.ഗോപകുമാര്‍, എസ്.ഐ പി.അജിത്ത് കുമാര്‍, ഗ്രേഡ് എസ്.ഐ സുനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിട്ടുള്ളതാണ്.