ആറ്റിങ്ങൽ : ബ്രിട്ടീഷ് ഭരണത്തിനെതിരായി ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത കലാപമായ ആറ്റിങ്ങൽ കലാപത്തിന്റെ മുന്നൂറാം വാർഷികം 2021 ൽ പൂർത്തിയാകുന്നതിനോടനുബന്ധിച്ച് സമുചിത സ്മാരകം നിർമ്മിക്കാൻ നടപ്പു സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ മൂന്ന് കോടി രൂപ അനുവദിച്ചത്.സ്മാരകം സ്ഥാപിക്കുന്നതിനുള്ള മുന്നോടിയായി ആറ്റിങ്ങൽ കൊട്ടാരത്തിലെ സമഗ്ര സംരക്ഷണ ജോലികൾ നിർവ്വഹിക്കുന്നതിന് ഒരുകോടി 5 ലക്ഷത്തി 99 ആയിരത്തി 377 രൂപയുടെ പദ്ധതിക്കുള്ള ഭരണാനുമതി ലഭ്യമായതായി അഡ്വക്കേറ്റ് ബി സത്യൻ എംഎൽഎ വാർത്താക്കുറിപ്പിൽ അറിയിച്ചു .
മൂന്നു കോടി രൂപയാണ് സംസ്ഥാന സർക്കാർ ഈ വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി ആറ്റിങ്ങൽ കലാപം സ്മാരക നിർമാണത്തിനും ആറ്റിങ്ങൽ കൊട്ടാരത്തിലെ സംരക്ഷണ ജോലികൾ നിർവഹിക്കുന്നതിനും ആയി അനുവദിച്ചത്. കൊട്ടാരത്തിന്റെ സമഗ്ര സംരക്ഷണ ജോലികൾ നിർവഹിക്കുന്നതിനായി പുരാവസ്തു വകുപ്പ് തയ്യാറാക്കിയ പ്രകാരമുള്ള തുകയായ ഒരുകോടി അഞ്ചു ലക്ഷത്തി 99 ആയിരത്തി 377 രൂപയ്ക്കാണ് ഇപ്പോൾ ഭരണാനുമതി ലഭ്യമാക്കിയിരിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട പ്രവൃത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉടൻ ആരംഭിക്കുമെന്നും , ചരിത്ര മ്യൂസിയം ഉൾപ്പെടെയുള്ളവ സ്ഥാപിക്കുന്നതിന് ആവശ്യമായ എസ്റ്റിമേറ്റ് സഹിതം തയ്യാറാക്കി സമർപ്പിച്ച് സംരക്ഷണ പ്രവർത്തി പൂർത്തീകരിക്കുന്ന മുറയ്ക്ക് മറ്റു നിർമ്മാണവും നിർവഹിക്കുമെന്ന് അഡ്വക്കേറ്റ് ബി സത്യൻ എംഎൽഎ അറിയിച്ചു.