അപകടം വിതച്ച് നിരത്തിലോടിയ 85-ലധികം ടിപ്പർ ലോറികൾ നെടുമങ്ങാട് താലൂക്കിൽ പിടികൂടി.
പറമടകളിൽനിന്നുള്ള വാഹനങ്ങളാണ് കൂടുതലായും പിടികൂടിയത്. വിജിലൻസ്, മൈനിങ് ആൻഡ് ജിയോളജി, ആർ.ടി.ഒ. എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് വ്യാഴാഴ്ച മാത്രം ഇത്രയും വാഹനങ്ങൾ പിടിയിലായത്. രാവിലെ ആറിന് ആരംഭിച്ച പരിശോധന വൈകീട്ട് മൂന്നുമണിവരെ തുടർന്നു.
ലൈസൻസ് യഥാസമയം പുതുക്കാതിരിക്കുക, അമിതവേഗം, അമിതമായ അളവിൽ ലോഡുകയറ്റുക, പാറപ്പൊടി മൂടാതെ കൊണ്ടുപോവുക, നിരത്തിൽ മരണഭീതി സൃഷ്ടിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. നെടുമങ്ങാട് താലൂക്കിലെ വെഞ്ഞാറമൂട്, വെമ്പായം, ഇരിഞ്ചയം, ഉഴമലയ്ക്കൽ, അരുവിക്കര, ആര്യനാട്, വാളിക്കോട്, വേറ്റിനാട്, നന്ദിയോട് എന്നിവിടങ്ങളിൽനിന്നാണ് ഏറ്റവുമധികം ലോറികൾ പിടികൂടിയത്.പിടികൂടിയ വാഹനങ്ങൾ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെത്തിച്ച് രേഖാപരിശോധനകൾ നടത്തി പിഴചുമത്തി.