ആറ്റിങ്ങൽ: ഇന്ന് വൈകുന്നേരം 3 മണിയോടെയാണ് നഗരസഭക്ക് സമീപം പാതയോരത്ത് പാർക്ക് ചെയ്തിരുന്ന പുതിയ കാറിൽ ഓട്ടോറിക്ഷ ഡ്രൈവറില്ലാതെ ഉരുണ്ട് വന്ന് ഇടിച്ചത്. വലിയ ശബ്ദത്തോടെ ഉണ്ടായ അപകടത്തിൽ നിന്ന് തലനാരിഴക്കാണ് കാൽനടയാത്രക്കാരൻ രക്ഷപ്പെട്ടത്. നഗരസഭക്ക് സമീപത്തെ എ.ടി.എമ്മിന് സമീപം അശ്രദ്ധമായി പാർക്ക് ചെയ്ത ഓട്ടോറിക്ഷ ഏകദേശം 15 മീറ്ററോളം തനിയെ ഉരുണ്ട് വന്നാണ് തിനവിള സ്വദേശിയുടെ പുതിയ മാരുതി എർട്ടിക കാറിൽ വന്നിടിച്ചത്. തുടർന്ന് അൽപ്പനേരം കഴിഞ്ഞ് എത്തിയ ഓട്ടോ ഡ്രൈവറെ സമീപത്തെ കച്ചവടക്കാർ തടഞ്ഞെങ്കിലും വാഹനം എടുത്ത് കടന്ന്കളഞ്ഞു. ഒരു പക്ഷേ കാർ അവിടെ പാർക്ക് ചെയ്തിരുന്നില്ലെങ്കിൽ ഓട്ടോറിക്ഷ 100 മീറ്ററോളം ദൂരത്തിൽ സഞ്ചരിച്ച് വൻ ദുരന്തം ഉണ്ടാവുമായിരുന്നു. ഈ ഭാഗത്തുകൂടി നിരവധി കാൽനടക്കാരാണ് റോഡ് മുറിച്ച് കടക്കുന്നത്. അൽപ്പ സമയം കഴിഞ്ഞെത്തിയ കാർ ഉടമയും കുടുംബവും കാറിലുണ്ടായ നാശനഷ്ടം ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഓട്ടോക്കും ഡ്രൈവർക്കുമെതിരെ നീയമ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ആറ്റിങ്ങൽ പോലീസിന്റെ സഹായം തേടി.

 
								 
															 
								 
								 
															 
															 
				

