കിളിമാനൂർ : കിളിമാനൂരിൽ വീടിന്റെ വാതിൽ പൊളിച്ച് സ്വർണവും പണവും കവർന്നു.കിളിമാനൂർ പൊരുന്തമൺ മഞ്ഞപ്പാറ ദാറുൽഫലാഹിൽ എസ്.സുധീർലാലിന്റെ വീട്ടിൽ നിന്നാണ് ഒന്നര പവന്റെ സ്വർണാഭരണം, 3 കുടുക്കകളിൽ സൂക്ഷിച്ചിരുന്ന 15,000 രൂപ എന്നിവ മോഷണം പോയത്.സുധീർലാലും കുടുംബവും വെമ്പായത്തുള്ള ബന്ധുവീട്ടിൽ പോയിരുന്ന സമയത്താണ് കവർച്ച. പിറ്റേദിവസം മടങ്ങി എത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. വീടിന് പുറത്ത് കിടന്നിരുന്ന പിക്കാസ് ഉപയോഗിച്ച് മുൻവശത്തെ വാതിലിന്റെ പൂട്ടു പൊളിച്ചാണു അകത്തു കടന്നത്. വീടിനുള്ളിലെ 2 അലമാരകളും പിക്കാസ് ഉപയോഗിച്ച് കുത്തി പൊളിച്ചിരുന്നു. സാധനങ്ങൾ എല്ലാം വാരി വലിച്ചെറിഞ്ഞ നിലയിലായിരുന്നു.കിളിമാനൂർ പൊലീസിൽ പരാതി നൽകി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി തെളിവെടുത്തു.