നിത്യ ഹരിത നായകന് ജന്മനാട്ടിൽ സ്മാരകം ഒരുങ്ങുന്നു
വരുന്നത് 15000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബഹുനില മന്ദിരം
മിനി തിയേറ്റർ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളും
വർഷങ്ങളായുള്ള ചിറയിൻകീഴുകാരുടെ ആഗ്രഹം സാഫല്യത്തിലേക്ക്. മലയാള ചലച്ചിത്രരംഗത്തെ നിത്യ ഹരിത നായകനായ പ്രേം നസീറിന് സ്മാരകം ഒരുങ്ങുന്നു. ഒരു പതിറ്റാണ്ടിലേറെക്കാലം മലയാള സിനിമയെ ലോകത്തിന്റെ നെറുകയ്യിലെത്തിച്ച അതുല്യ കലാകാരന്റെ സ്മരണകൾക്ക് സ്മാരകം വേണമെന്ന ദീർഘ നാളത്തെ ആവശ്യമാണ് ഇതോടെ പൂവണിയുന്നത്. മന്ദിരത്തിന്റെ നിർമാണോദ്ഘാടനം ഈ മാസം 26ന് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കും.
സാംസ്കാരിക വകുപ്പ് മന്ത്രി, ചലച്ചിത്ര രംഗത്തെ പ്രമുഖർ ചടങ്ങിന് സാക്ഷിയാകുമെന്ന് ഡെപ്യൂട്ടി സ്പീക്കർ വി ശശി അറിയിച്ചു
മൂന്ന് നിലകളിലായി നിർമിക്കുന്ന കെട്ടിടം താഴത്തെ നിലയിൽ 7200, രണ്ടാമത്തെ നിലയിൽ 4000, മൂന്നാമത്തെ നിലയിൽ 3800 എന്നിങ്ങനെ ആകെ 15000 ചതുരശ്ര അടി വിസ്തീർണ്ണം ഉണ്ട്. താഴത്തെ നിലയിൽ രണ്ട് ഹാളുകളിലായി മ്യൂസിയം, ഓഫീസ് തുടങ്ങിയവയും ഒരു ഓപ്പൺ എയർ തീയേറ്റർ -സ്റ്റേജ് എന്നിവയും ഉണ്ടാകും രണ്ടാമത്തെ നിലയിൽ ഒരു ലൈബ്രറി, കഫറ്റീരിയ എന്നിവയും മൂന്നാമത്തെ നിലയിൽ മൂന്ന് ബോർഡ് റൂമുകൾ ഉണ്ട്. (ഇത് പഠനാവശ്യങ്ങൾക്കായി ഉപയോഗിക്കാം) രണ്ടും മൂന്നും നിലകളിലായി മതിയായ ടോയ്ലറ്റ് സംവിധാനവും നൽകിയിട്ടുണ്ട്. ആവശ്യത്തിന് പാർക്കിംഗ് സൗകര്യവുമുണ്ട്.
(കെട്ടിടത്തിന് ആകെ 4 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. Projector, AC, സൗണ്ട് സിസ്റ്റം, lighting, panelling, land scaping മുതലായവയ്ക്ക് 1കോടി കൂടി ചെലവ് പ്രതീക്ഷിക്കാം)
സ്മാരകം നിർമ്മിക്കുന്നതിനായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുണ്ടായിരുന്ന 66.22 സെന്റ് പുരയിടം റവന്യൂ വകുപ്പ് വഴി സാംസ്കാരിക വകുപ്പിന് കൈമാറിയിരുന്നു. സാംസ്കാരിക വകുപ്പിന്റെ കീഴിൽ ചിറയിൻകീഴിലെ ശാർക്കര ക്ഷേത്രത്തിന് സമീപമാണ് സ്മാരകം നിർമ്മിക്കുന്നത്. സർക്കാർ അനുവദിച്ച ഒരു കോടി രൂപയ്ക്കു പുറമെ ഡെപ്യൂട്ടി സ്പീക്കർ വി. ശശിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ കൂടി വിലയിരുത്തി 2 കോടി രൂപയുടെ ആദ്യ ഘട്ട പ്രവർത്തനങ്ങളാണ് ആരംഭിക്കാൻ പോകുന്നത്. സ്മാരക മന്ദിരം പണിയുന്നതിനുള്ള മണ്ണു പരിശോധന നടപടികൾ ഇതിനോടകം പൂർത്തിയായി.
സ്ഥലം എം. എൽ. എ കൂടിയായ ഡെപ്യൂട്ടി സ്പീക്കർ ചെയർമാനായ ഏഴ് അംഗ സമിതിയാണ് സ്മാരക നിർമാണത്തിന്റെ ഭരണസമിതി അംഗങ്ങൾ. പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പി. ഡബ്ല്യൂ. ഡി ഉദ്യോഗസ്ഥർ, ചലച്ചിത്ര അക്കാഡമി പ്രതിനിധി തുടങ്ങിയ വർ അടങ്ങുന്ന ഈ സമിതി അംഗീകരിച്ച പ്ലാനിലാണ് സ്മാരകം നിർമ്മിക്കുക. ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കുന്ന പ്രേം നസീർ സ്മാരകം സാമൂഹിക സംസ്കാരിക രംഗത്ത് പുത്തനുണർവേകും.