തട്ടത്തുമല : സൗദിയിലേക്ക് പോയ യുവതിയുടെ പാസ്പോര്‍ട്ട് പരിശോധനയ്ക്കിടെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കീറിയതായി പരാതി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ശംഖുംമുഖം അസിസ്റ്റന്റ‌് കമീഷണർ ആർ ഇളങ്കോയുടെ നേത്യത്വത്തിലാണ് അന്വേഷണം.
കിളിമാനൂര്‍ തട്ടത്തുമല വിലങ്ങറ ഇര്‍ഷാദ് മന്‍സിലില്‍ ഇര്‍ഷാദിന്റെ ഭാര്യ ഷനുജയാണ് തന്റെ പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥന്‍ നശിപ്പിച്ചതായി ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. 23ന് രാവിലെ എട്ടിനായിരുന്നു സംഭവം. സൗദിയില്‍ ജോലി നോക്കുന്ന ഭര്‍ത്താവിന്റെ അടുത്തേക്ക് കുട്ടികളുമായി പോകാനെത്തിയതായിരുന്നു ഇവര്‍. വിമാനയാത്രയ്ക്ക് ബോര്‍ഡിങ് പാസ് വാങ്ങി എമിഗ്രേഷന്‍ നടപടികള്‍ക്കായി പാസ്‌പോര്‍ട്ട് കൈമാറി.
ഇത് കീറിയതിനാൽ യാത്ര ചെയ്യാനാവില്ലെന്ന് പാസ്‌പോര്‍ട്ട് പരിശോധിച്ച ഉദ്യോഗസ്ഥൻ പറഞ്ഞു. ഷനുജ നോക്കുമ്പോള്‍ പാസ്‌പോര്‍ട്ട് അല്‍പം ഇളകിയ നിലയിലായിരുന്നു. പിന്നിട് സുരക്ഷാ ഉദ്യോഗസ്ഥന്‍ പൂര്‍ണമായും ഇളകി രണ്ടാക്കി മാറ്റിയ നിലയിലുള്ള പാസ്‌പോര്‍ട്ടാണ‌് ഷനുജയ്ക്ക് തിരിച്ച് നല്‍കിയതെന്നും പരാതിയിൽ പറയുന്നു. ഇതുപയോഗിച്ച് യാത്രാനുമതി നല്‍കാനാവില്ലെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു. പിന്നീട് മുതിര്‍ന്ന ഉദ്യോഗസ്ഥരെത്തി ചര്‍ച്ച ചെയ്ത ശേഷമാണ് ഇവരെ യാത്രയ്ക്ക് അനുവദിച്ചതെന്നും കാണിച്ചാണ‌് ഇവർ മുഖ‍്യമന്ത്രിക്ക് പരാതി നൽകിയത്.
എന്നാൽ , സംഭവത്തെ കുറിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രഷൻ അധികൃതർ പറയുന്നത‌് : എമിഗ്രഷൻ പരിശോധനക്ക് എത്തിയ ഇവരുടെ പാസ്പോർട്ട് കീറിയിരുന്നു. ഇത്തരത്തിൽ കീറിയിരിക്കുന്ന പാസ്പോർട്ടിൽ യാത്രക്ക് അനുമതി നൽകാൻ കഴിയുമോയെന്ന് എമിഗ്രഷൻ കൗണ്ടറിൽ ഉണ്ടായിരുന്ന ഐ.ബി. ഉദ്യോഗസ്ഥൻ ചോദിച്ചു. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടിയപ്പോൾ യാത്രനുമതി നൽകാൻ കൗണ്ടറിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനോട് നിർദേശം നൽകി. വിദേശത്ത് എത്തിയാൽ ഇന്ത‍്യ എംബസി വഴി പാസ്പേർട്ട് മാറ്റിയെടുക്കണമെന്ന് ഉപദേശവും നൽകിയാണ് ഇവർക്ക് യാത്രനുമതി നൽകിയെത്. മറ്റ് ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിട്ടില്ലായെന്നും അവർ പറഞ്ഞു