ആറ്റിങ്ങൽ : 500 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ മുഴുവൻ പ്രതികളേയും എക്സൈസ് പിടികൂടി. 2020 സെപ്റ്റംബർ 6ആം തീയതി ആറ്റിങ്ങൽ കോരാണിയിൽ വച്ച് കണ്ടെയിനർ ലോറിയിൽ കടത്തിയ 500 കിലോഗ്രാം കഞ്ചാവ് കേസിന്റെ അന്വേഷണമാണ് എക്സൈസ് സംഘം വേഗം പൂർത്തിയാക്കിയത്. സംസ്ഥാനാന്തര ബന്ധമുള്ള ഈ കേസിൽ തുടക്കത്തിൽ രണ്ട് പ്രതികളെയാണ് എക്സൈസ് സംഘത്തിന് പിടികൂടാൻ സാധിച്ചത് . തുടർന്ന് എക്സൈസ് കമ്മീഷണർ,തിരുവനന്തപുരം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ജി ഹരികൃഷ്ണ പിള്ളയുടെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലുള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘം രൂപീകരിക്കുകയും കേസിന്റെ മുഖ്യ സൂത്രധാരൻ ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് കേസിന്റെ അന്വേഷണം പൂർത്തീകരിക്കുകയും ചെയ്തു. കേസിന്റെ തുടരന്വേഷണഫലമായി കഞ്ചാവ് ഉൾപ്പെടെ ലഹരിവസ്തുക്കളുടെ ഒരു ശൃംഖലയെ തന്നെ സംസ്ഥാന തലത്തിൽ തകർക്കുവാൻ എക്സൈസിന് സാധിച്ചിട്ടുണ്ട്. പഞ്ചാബ് സ്വദേശിയായ മന്ദീപ് സിംഗ് എന്ന രാജു ഭായിയെ അറസ്റ്റ് ചെയ്ത് മൈസൂരിലും തിരുവനന്തപുരത്തും തെളിവെടുപ്പിനായി എത്തിച്ചു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കണ്ടെയിനർ ലോറിയിലെ രഹസ്യ അറയിലുടെ കഞ്ചാവ് കടത്തിയ കേസിലെ പ്രധാനിയാണ് രാജു ഭായ് , പന്ത്രണ്ടോളം കണ്ടെയിനർ ലോറികൾ ഉൾപ്പെടുന്ന എം എസ്.വൈ ട്രാൻസ്‌പോർട് കമ്പനിയുടെ ഉടമസ്ഥനായ മന്ദീപ് സിംഗിന്റെ മറ്റ് ഇടപാടുകളെ കുറിച്ചും എക്സൈസ് സംഘം അന്വേഷിച്ചു വരുന്നുണ്ട്. മന്ദീപ് സിംഗിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കടത്തിയ വടകര സ്വദേശി ജിതിൻ രാജ് എക്സൈസ് കസ്റ്റഡിയിലാണ്. ചിറയിൻകീഴ് സ്വദേശി ജയച്ചന്ദ്രനുമായി ജിതിൻ രാജിനുള്ള ബന്ധമാണ് കഞ്ചാവ് കടത്താൻ പ്രേരിപ്പിച്ചത്.
ഇരുതലമൂരി , വെള്ളിമൂങ്ങ , അംബർഗ്രീസ് , സിൽവർ മെർക്കുറി , ചന്ദനതടി തുടങ്ങിയ ബിസിനസ് മേഖലകളിൽ എല്ലാം ജിതിൻ രാജ് ജയചന്ദ്രനുമായി മുൻ കാലങ്ങളിൽ ബന്ധപ്പെട്ട് പ്രവർത്തിച്ചതായി സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ വിവിധഭാഗങ്ങളിൽ സഞ്ചരിച്ചതായും ഇവർ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ കേസിൽ ഇവരെ സഹായിച്ച ത്യശൂർ സ്വദേശി സെബു സെബാസ്റ്റ്യൻ , മൈസൂറിൽ സ്ഥിരതാമസക്കാരനായ കണ്ണൂർ ഇരിട്ടി സ്വാദശി സജീവ് എന്ന ബാബു എന്നിവരെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഈ കേസിൽ ഇത് വരെ എഴോളം പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
https://www.facebook.com/attingalvartha/videos/321775135925747/
കൂടാതെ കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് സാമ്പത്തിക സഹായം നൽകിയ കണ്ണൂർ സ്വദേശിയെക്കുറിച്ചും ആന്ധയിൽ വന മേഖലയിൽ താമസിച്ച് കഞ്ചാവ് തരപ്പെടുത്തി മന്ദീപ് സിംഗിന് നൽകിയ അബ്ദുള്ളയെക്കുറിച്ചും അന്വേഷണം നടന്നുവരുന്നു. അന്വേഷണം പൂർത്തിയാക്കി എത്രയും വേഗം തന്നെ ഈ കേസിന്റെ അന്തിമ കുറ്റപത്രം കോടതി മുൻപാകെ സമർപ്പിക്കുവാനാണ് എക്സൈസ് സംഘം തീരുമാനിച്ചിട്ടുള്ളത്.ഈ കേസിന്റെ തുടരന്വേഷണത്തിൽ മൈസൂർ പോലീസിന്റെ സഹായവും m എക്സൈസിന് ലഭിച്ചു .
നഗരൂരിൽ നിന്നും കോടികളുടെ വിലമതിക്കുന്ന കഞ്ചാവും , ഹാഷിഷ് ഓയിലും കടത്തിയ കേസിലെ പ്രതികളെയും എക്സൈസ് കസ്റ്റഡിയിൽ വാങ്ങി അന്വേഷണം ആരംഭിച്ചു. ഈ കേസിലെ പ്രധാന പ്രതിയായ ചാവക്കാട് സ്വദേശിയെ കുറിച്ചും ആറ്റിങ്ങൽ ആലംകോട് സ്വദേശിയെ കുറിച്ചും വ്യക്തമായ സൂചന എക്സൈസിന് ലഭിച്ചിട്ടുണ്ട്. ഉടൻ തന്നെ ഇവരുടെ അറസ്റ്റ് ഉണ്ടാകുമെന്ന് എക്സൈസ് അറിയിച്ചു .
https://www.facebook.com/attingalvartha/videos/282365552752830/
തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ റ്റി.അനികുമാർ , എക്സൈസ് ഇൻസ്പെക്ടർ റ്റി. ആർ മുകേഷ് കുമാർ ഉൾപ്പെടെ ഓഫീസിലെ ഉദ്യോഗസ്ഥരും നിലമ്പൂർ സർക്കിൾ ഇൻസ്പെർ ജി.കൃഷ്ണകുമാർ , സർക്കിൾ ഇൻസ്പെക്ടർ പ്രതീപ് റാവു , എക്സൈസ് ഇൻസ്പെക്ടർ ആർ. ജി രാജേഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എസ് മധുസൂദനൻ നായർ സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ് , ഷംനാദ് , ജിതേഷ് എന്നിവരും അടങ്ങിയ സംഘമാണ് കേസിന്റെ അന്വേഷണം നടത്തി വരുന്നത് .