വെമ്പായം : ഒറ്റപ്പെട്ടു താമസിക്കുന്ന സ്ത്രീകളുടെ വീടുകളിലെത്തി ചികിത്സയുടെ മറവിൽ മോഷണം നടത്തി വന്ന വ്യാജ വൈദ്യൻ അറസ്റ്റിൽ. തിരുമല കുന്നപ്പുഴ പുതുവൽ പുരയിടം വീട്ടിൽ അനിൽകുമാർ (48) നെയാണ് വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തത്. വെമ്പായം പെരുംകൂർ സ്വദേശിയായ യുവതിയുടെ സ്വർണ്ണവും മൊബൈൽ ഫോണുമാണ് ചിക്കൽസയുടെ മറവിൽ മോഷണം നടത്തിയത്.നാട്ടുവൈദ്യൻ ചമഞ്ഞു സ്ത്രീയുടെ വീട്ടിലെത്തി രണ്ടു ദിവസം ചികിത്സ നടത്തുകയും മൂന്നാം ദിവസം എത്തി ഇനിയുള്ള ചികിത്സക്ക് ശരീരത്തിൽ അണിഞ്ഞിരിക്കുന്ന സ്വർണ്ണം അഴിച്ചു വെക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ചികിത്സക്ക് ശേഷം സ്ത്രീയുടെ മൂന്നര പവൻ തൂക്കം വരുന്ന സ്വർണ്ണ മാലയും, മൊബൈൽ ഫോൺ, ഡയറി എന്നിവ മോഷണം നടത്തി കടക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.സമാനമായ മോഷണം വേറെയും നടത്തിയിട്ടുള്ളതായി അറിയുന്നു. ഒളിവിൽ പോയ പ്രതിയെ സൈബർ സെല്ലിന്റെ സഹായത്തോടെ തന്ത്രപരമായാണ് പോലീസ് ഇയാളെ വലയിലാക്കിയത്. വട്ടപ്പാറ സി ഐ ബിനുകുമാർ, എസ് ഐ മാരായ അബ്ദുൽ അസീസ്,സലിൻ, സതീശൻ, സിപിഒ മാരായ ഷാജഹാൻ, മനോജ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്