കടയ്ക്കാവൂർ : കടയ്ക്കാവൂരിൽ യുവാവിനെ അയൽവാസിയായ ബന്ധു തലയ്ക്കടിച്ച് കൊന്നു. കടയ്ക്കാവൂർ ചെറമൂല കൊച്ചുതെങ്ങുവിളവീട്ടിൽ കൃഷ്ണന്റെ മകൻ വിനോദ്(35)ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 7അര മണിയോടെയാണ് സംഭവം.
വിനോദിന്റെ അമ്മയുടെ സഹോദരൻ അശോകൻ കമ്പി കൊണ്ട് തലയ്ക്കടിച്ചു കൊന്നതാണെന്ന് ബന്ധുക്കൾ പറയുന്നു. വിനോദും അശോകനും സ്ഥിരം മദ്യപിച്ചെത്തി വഴക്കുണ്ടാക്കാറാണ് പതിവ്. അയൽവാസികളായ ഇരുവരുടെയും വീടുകൾക്കിടയിൽ മതിൽകെട്ടി അടച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഒരു വഴിയിലൂടെയാണ് ഇരുവരും യാത്ര ചെയ്യുന്നത്. വിനോദ് വഴിയിലൂടെ നടന്നു പോകുമ്പോൾ അശോകൻ അസഭ്യം പറയുക പതിവാണെന്നും നാട്ടുകാർ പറയുന്നു. ഇരുവരും സ്ഥിരം മദ്യപിച്ചെത്തി തമ്മിൽ അടിപിടി ഉണ്ടാക്കാറുണ്ട്. കഴിഞ്ഞ ദിവസം അടിപിടിക്കിടെ അശോകൻ ഇരുമ്പു കമ്പി കൊണ്ട് വിനോദിനെ തലയ്ക്കടിക്കുകയായിരുന്നു. അടിയേറ്റ് വിനോദിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബമാണ് വിനോദിന് ഉള്ളത്. വിനോദിന്റെ ഇളയകുട്ടിക്ക് മൂന്നുമാസം മാത്രമാണ് പ്രായം.
ഭാര്യയും മക്കളും ഉപേക്ഷിച്ചുപോയ അശോകൻ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. ഇയാൾ എപ്പോഴും സംഘംചേർന്ന് വീട്ടിലിരുന്ന് മദ്യപിക്കുകയും ബഹളം വെക്കുകയും ചെയ്യുമെന്ന് നാട്ടുകാർ പറയുന്നു. അശോകന്റെ വീടിന് ചുറ്റും മദ്യക്കുപ്പികൾ നിറഞ്ഞു കിടക്കുന്നു. മുമ്പൊരിക്കൽ മദ്യപിച്ചെത്തി സ്വന്തം അച്ഛനെയും അശോകൻ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചതായി ബന്ധുക്കൾ പറയുന്നു. മാത്രമല്ല ഭാര്യയെയും മക്കളെയും വീട്ടിലിട്ട് തീയിടാൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്. അശോകനെ കടയ്ക്കാവൂർ പോലീസ് പിടികൂടി ചോദ്യം ചെയ്തു വരികയാണ്. വിനോദിന്റെ മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.