പള്ളിക്കൽ: പട്ടിക.ജാതിക്കാരനായ യുവാവിനെയും സുഹൃത്തിനെയും വീട്ടിൽ അതിക്രമിച്ചു കയറുകയും ആക്രമിച്ചു പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിലെ രണ്ട് പ്രതികൾ അറസ്റ്റിലായി. മടവൂർ, അയണിക്കാട്ടുകോണം നൗഫൽ മൻസിലിൽ നൗഫൽ (28), നിലമേൽ, കൈതോട്, വെള്ളരി പറയിൽ വീട്ടിൽ അനീഷ് (24) എന്നിവരെയാണ് പള്ളിക്കൽ പോലിസും റൂറൽ ഷാഡോ സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. മടവൂർ, അയണിക്കാട്ടുകോണം, അജീഷ് ഭവനിൽ അനീഷ്, ഇയാളുടെ സുഹൃത്തും അയൽവാസിയുമായ ശ്യാം എന്നിവരെ ആക്രമിച്ച കേസിലാണ് ഇരുവരും അറസ്റ്റിലായത്. കഴിഞ്ഞ 21ന് രാത്രി 10 മണിയോടെ നൗഫലും ഇയാളുടെ ഭാര്യാ സഹോദരനായ അനീഷിന്റെയും നേതൃത്വത്തിൽ പത്തോളം പേർ സംഘടിച്ചെത്തി അനിഷിനെ അക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അനീഷിന്റെ നിലവിളി കേട്ട് ഓടിയെത്തിയ ശ്യാമിനെയും ഇവർ ഉപദ്രവിക്കുകയായിരുന്നു. അക്രമണത്തിൽ അനീഷിന്റെ കാൽ തല്ലിയൊടിക്കുകയും ശ്യാമിന്റെ കൈയ്ക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ അനീഷ്, പിടിയിലായ നൗഫലിന്റെ സഹോദരിയെ ശല്യം ചെയ്യുന്നു എന്ന് കാണിച്ച് പോലീസിൽ പരാതി നൽകിയതിനെ അനീഷ് ചോദ്യം ചെയ്തതെന്ന വിരോധത്തിലാണ് പ്രതികൾ അക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സംഭവ ശേഷം കുളത്തുപ്പുഴ, മടത്തറ, പാങ്ങോട് എന്നീ സ്ഥലങ്ങളിൽ മാറി മാറി ഒളിവിൽ കഴിഞ്ഞ പ്രതികളെക്കുറിച്ച് തിരുവനന്തപുരം റൂറൽ എസ്.പി. ബി.അശോകന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡി.വൈ.എസ്.പി – എസ്.വൈ.സുരേഷിന്റെ നേതൃത്വത്തിൽ പള്ളിക്കൽ എസ്.എച്ച്.ഒ അജി.ജി.നാഥ്, എസ്.ഐ അനിൽ കുമാർ, എ.എസ്.ഐ ജിഷി, റൂറൽ ഷാഡോ ടീംമഗങ്ങളായ എസ്.ഐ ബിജുഹക്ക്, സി.പിഒമാരായ സുധീർ, സുനിൽരാജ്, അനൂപ്, ഷിജു എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു. കൂടാതെ മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.