വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ വീട്ടമ്മയ്ക്കും രക്ഷിക്കാനിറങ്ങിയ അയൽവാസിയ്ക്കും വെഞ്ഞാറമൂട് അഗ്നി രക്ഷാസേന രക്ഷകരായി. പരമേശ്വരം ശ്രീമുരുക ഭവനിൽ കവിത (45) യാണ് വീടിന് സമീപത്തെ കിണറ്റിൽ വീണത്. രക്ഷിക്കാനിറങ്ങിയ അയൽവാസിയായ ഗോപി കിണറ്റിൽ കുടുങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 7.30 നായിരുന്നു സംഭവം. നാൽപത് അടിയോളം താഴ്ചയുളള കിണറാണ്. അഗ്നി രക്ഷാ സേന ഫയർ ആന്റ് റസ്ക്യു ഓഫീസർ രഞ്ജിത്ത് ,കയർ വലയുമായി കിണറ്റിലിറങ്ങി ഇവരെ കരയ്ക്കു കയറ്റുകയായിരുന്നു. സേന തന്നെ ആംബുലൻസിൽ ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. സീനിയർ ഫയർ ആന്റ് റസ്ക്യൂ ഓഫീസർ അശോകന്റെ നേതൃത്വത്തിൽ ബിനു, രഞ്ജിത്ത്, അരുൺ മോഹൻ, കിരൺ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു