കാട്ടാക്കട: കാട്ടാക്കടയുടെ വായാടി കെ.എൽ. 74 എഫ്.എം. പ്രക്ഷേപണം ഹിറ്റാകുന്നു. കാട്ടാക്കട ഉപജില്ലയിലെ വിദ്യാർഥികൾക്കായി വിദ്യാഭ്യാസ വകുപ്പിന്റെ കാട്ടാക്കട ബ്ലോക്ക് റിസോഴ്സ് സെന്റർ അവതരിപ്പിക്കുന്ന എഫ്.എം. റേഡിയോയാണ് കെ.എൽ. 74 എഫ്.എം.
ഓൺലൈൻ പഠനത്തിനൊപ്പം വഴികാട്ടിയാകാനും കുട്ടികൾക്ക് അറിവുകൾ നൽകാനും ലക്ഷ്യമിടുന്നതാണ് ഈ റേഡിയോ. അതും സഹപാഠികളുടെ ശബ്ദത്തിൽത്തന്നെ. സെന്ററിന്റെ 89 സ്കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത 10 വിദ്യാർഥികളാണ് ആർ.ജെ.(റേഡിയോ ജോക്കി)മാരായത്. അധ്യാപകരുടെ സാങ്കേതിക പിന്തുണയുമുണ്ട്.
ആനുകാലിക വിഷയങ്ങൾ, ശാസ്ത്രം, സാഹിത്യം, കവിത, നാട്ടറിവുകൾ തുടങ്ങി ചുറ്റുമുള്ള എല്ലാ വിഷയങ്ങളും റേഡിയോ പങ്കുവയ്ക്കുന്നു. റേഡിയോയുടെ പ്രചാരണത്തിനായി കവിയും അധ്യാപകനുമായ മുരുകൻ കാട്ടാക്കട രചിച്ച്, വിജയ് കരുൺ സംഗീതം നൽകിയ ‘കാട്ടാക്കടയുടെ വായാടി’ എന്നുതുടങ്ങുന്ന ഗാനം ഇതിനകം രക്ഷാകർത്താക്കളുടെയും കുട്ടികളുടെയും ഇടയിൽ ഹിറ്റായിട്ടുണ്ട്. ആഴ്ചയിൽ ചൊവ്വയും, വ്യാഴവും ദിവസങ്ങളിൽ റേഡിയോ ചങ്ങാതിക്കുട്ടികളുടെ അടുത്തെത്തുംവിധമാണ് ഒരുക്കിയിട്ടുള്ളത്. റെക്കോഡിങ് സ്റ്റുഡിയോയിൽ തയ്യാറാക്കുന്ന 20 മിനിറ്റ് ദൈർഘ്യമുള്ള പരിപാടി സ്കൂളുകളിലേക്ക് അയയ്ക്കും. പഠനസഹായത്തിനായി ഓരോ ക്ലാസുകളിലും രൂപവത്കരിച്ചിട്ടുള്ള ഓൺലൈൻ ഗ്രൂപ്പുകളിൽ ഇവ പങ്കുവയ്ക്കുന്നു. കൂടാതെ യുട്യൂബിലും കേൾക്കാനാകും. സമഗ്രശിക്ഷാ കേരളത്തിന്റെ ഈ റേഡിയോ ഇതിനകം വലിയ പ്രചാരം നേടിക്കഴിഞ്ഞു.