ചെറുന്നിയൂർ : ചെറുന്നിയൂർ പുത്തൻകടവിൽ പുതുക്കിപ്പണിയുന്നതിനായി കരയിൽ കയറ്റിവെച്ചിരുന്ന ഹൗസ് ബോട്ട് കത്തിനശിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം. ബോട്ടിന്റെ എൻജിൻ ഒഴികെയുള്ള ഭാഗങ്ങൾ പൂർണമായി കത്തിനശിച്ചു. ചെറുന്നിയൂർ പുതുവൽ കയർ ഫാക്ടറി പറമ്പിലാണ് ബോട്ട് കയറ്റിവെച്ചിരുന്നത്.
പുതുക്കിപ്പണിയുന്നതിന് മൂന്നുവർഷം മുൻപാണ് ബോട്ട് കരയ്ക്ക് കയറ്റിവെച്ചത്. ബോട്ടിൽ തീകത്തുന്നത് വസ്തു ഉടമയാണ് കണ്ടത്. തീ പിടിച്ചതിന്റെ കാരണം അറിവായിട്ടില്ല. വിവരമറിയിച്ചതിനെത്തുടർന്ന് വർക്കലയിൽനിന്ന് അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകളെത്തി തീ കെടുത്തി. അസി. സ്റ്റേഷൻ ഓഫീസർ ടി.വിനോദ്കുമാർ, ലീഡിങ് ഫയർമാൻ സജിത്ത് ലാൽ എന്നിവരുടെ നേതൃത്വത്തിലാണ് തീ കെടുത്തിയത്. ബിനോയി മാർബിൾസിന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് കത്തിനശിച്ചതെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. ബോട്ടിന് 35 ലക്ഷം വിലവരുമെന്ന് കണക്കാക്കുന്നു.