ആറ്റിങ്ങൽ : സർക്കാർ സർവീസുകളിൽ നിന്നും വിരമിച്ചവർ പെൻഷൻ വാങ്ങാൻ ആറ്റിങ്ങൽ ട്രഷറിയിൽ ക്യൂ നിൽക്കുന്നത് മണിക്കൂറുകളോളം. യാചകരെ കാണുന്നതുപോലെയാണ് പെൻഷൻ തുക ആവശ്യപ്പെട്ട് വരുന്നവരെ ഉദ്യോഗസ്ഥർ കാണുന്നതെന്നും ആക്ഷേപം ഉയരുന്നു. പ്രായമായവർ പെൻഷൻ തുക വാങ്ങാൻ ആറ്റിങ്ങൽ ട്രഷറിയിൽ മണിക്കൂറുകളോളം ക്യൂ നിൽക്കുന്നത് നാളുകളായി തുടരുകയാണ്. എന്നാൽ കടുത്ത വേനൽചൂടിൽ ട്രഷറിക്കുള്ളിൽ തിങ്ങിഞെരുങ്ങി നിൽക്കുന്നത് പെൻഷൻകാരെ ദുരിതത്തിലാക്കുന്നു. ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്തപരമായ സമീപനമാണ് മണിക്കൂറുകളോളം തങ്ങൾ കാത്തു നിൽക്കേണ്ടി വരുന്നതെന്ന് പെൻഷൻകാർ പറയുന്നു. മാത്രമല്ല പഴുത്ത ഇല വീഴുമ്പോൾ പച്ചില ചിരിക്കും എന്ന ആശയത്തിനും ഇവിടെ ഏറെ പ്രസക്തിയുണ്ട്. ഇന്ന് തങ്ങളെ അവഗണിക്കുന്ന ഉദ്യോഗസ്ഥർ നാളെ ഇവിടെ തന്നെ പെൻഷൻ വാങ്ങാൻ ക്യൂ നിൽക്കേണ്ടി വരുമെന്ന കാര്യം ഓർക്കേണ്ടതുണ്ട് എന്നും അവർ പറയുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ പെൻഷൻ കാത്ത് നിന്നവർക്ക് പെൻഷൻ നൽകിയില്ല. പണം എത്താൻ വൈകി എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. മറ്റു പെൻഷനുകൾ എല്ലാം ബാങ്കു വഴി വീട്ടിലെത്തിക്കുന്ന രീതിയിലേക്ക് മാറിയിട്ടും സർവീസിൽ നിന്ന് വിരമിച്ചവർക്കുള്ള പെൻഷൻ ട്രഷറിയിൽ വന്ന് മണിക്കൂറുകളോളം കാത്തുനിന്ന് വാങ്ങേണ്ട ഗതികേട് മാറ്റിത്തരണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു. സ്കൂൾ അധ്യാപകർ ആയിരുന്നവർ ഉൾപ്പെടെ ഇവിടെ വന്ന് നിൽക്കുന്നത് അർഹമായ പണം വാങ്ങാൻ ആണ്, അല്ലാതെ യാചിച്ച് നേടാനല്ല. ബന്ധപ്പെട്ട അധികാരികളും സർക്കാരും ഈ വിഷയം ഗൗരവതിലെടുത്തു വേണ്ട നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.