കിളിമാനൂർ: കിളിമാനൂരിലും പരിസരപ്രദേശങ്ങളിലും ആഘോഷപൂർവം സ്ഥാപിച്ച സി.സി.ടി.വി കാമറകളും, തെരുവുവിളക്കുകളും നോക്കുകുത്തികളാകുന്നതായി പരാതി. ഇത് കാരണം പ്രദേശത്ത് സാമൂഹ്യവിരുദ്ധ ശല്യവും മോഷണവും വർദ്ധിക്കുകയാണ്. കിളിമാനൂരിൽ വ്യാപാരി വ്യവസായികളുടെയും ജനകീയ സമിതികളുടെയും നേതൃത്വത്തിൽ മുപ്പതോളം കാമറകളാണ് സ്ഥാപിച്ചത്. അതിൽ മിക്കവയും ഇപ്പോൾ പ്രവർത്തനരഹിതമാണ്. ബാക്കിയുള്ളവ ശരിയായ മോണിറ്ററിംഗ് സംവിധാനങ്ങൾ ഇല്ലാത്തതിനാൽ സ്ഥാപിച്ചതിന്റെ ഉദ്ദേശ്യശുദ്ധി ലഭിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. കാമറകളെ ഏകോപിപ്പിച്ച് പൊലീസ് സ്റ്റേഷനിലാണ് ദൃശ്യങ്ങൾ മോണിറ്ററിംഗ് ചെയ്യാറുള്ളത്. സംസ്ഥാനത്തൊട്ടാകെ സബ് ഡിവിഷനുകൾ സ്ഥാപിച്ച് ഡി.വൈ.എസ്.പിമാരുടെ മേൽനോട്ടത്തിൽ കാമറകൾ സ്ഥാപിക്കുന്നുണ്ടങ്കിലും മോണിറ്ററിംഗ് ഫലപ്രദമാകുന്നില്ല. പുതിയകാവിൽ കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് പ്രവർത്തനരഹിതമായിരുന്നു. കിളിമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു മുൻവശവും കാമറ സ്ഥാപിച്ചിട്ടുണ്ട്. യാത്രക്കാർക്കും ബസുകൾക്കും സ്റ്റാൻഡിനകത്ത് കയറാൻ പറ്റാത്ത രീതിയിൽ ആട്ടോ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും, മദ്യപിച്ച് തമ്മിൽത്തല്ലും പതിവ് കാഴ്ചയാണ്. പൊലീസ് സ്റ്റേഷനിൽ ശരിയായ മോണിറ്ററിംഗ് ഉണ്ടെങ്കിൽ ഇത് പരിഹരിക്കാനാകും എന്ന് നാട്ടുകാർ പറയുന്നു. സംസ്ഥാന പാതയിൽ ഉൾപ്പെടെ പ്രദേശത്തെ തെരുവുവിളക്കുകൾ കത്താത്തതും സാമൂഹ്യ വിരുദ്ധ ശല്യം വർദ്ധിക്കുന്നതിന് കാരണമാണ്. കുറ്റകൃത്യങ്ങളും, പിടിച്ചുപറിയും പതിവായിരിക്കെ ഇവിടത്തെ മുഴുവൻ കാമറകളും പ്രവർത്തനക്ഷമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.