Search
Close this search box.

സിംഗപ്പൂരില്‍ ഷിപ്പിംഗ് കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് വർക്കല സ്വദേശിയിൽ ലക്ഷങ്ങൾ തട്ടിയെടുത്തു, സ്ത്രീ ഉൾപ്പെടെ 3 പേർ അറസ്റ്റില്‍

eiJP06C10103

വർക്കല : വര്‍ക്കല പുല്ലാനിയോട് സ്വദേശിയായ ജോളി എന്നയാള്‍ക്ക് സിംഗപ്പൂരില്‍ ഷിപ്പിംഗ് കമ്പനിയില്‍ ജോലി ശരിയാക്കാമെന്ന് പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസ്സിലെ 3 പ്രതികളെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു.

പത്തനംതിട്ട ജില്ലയില്‍ റാന്നി, കൊല്ലംമുള, വെച്ചൂച്ചിറ കോലശ്ശേരി വീട്ടില്‍ നിന്നും തിരുവല്ല എസ്.സി. എസ് ജംഗ്ഷനില്‍ കിഴക്കേകോവൂര്‍ വീട്ടില്‍ അനിതയുടെ മകള്‍ രാജി(35), പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളി കോട്ടങ്ങല്‍ ചുങ്കപ്പാറ ദേശത്ത് തൊടുകയില്‍ വീട്ടില്‍ ശ്രീധരന്റെ മകന്‍ സുമേഷ്(33), പത്തനംതിട്ട ജില്ലയില്‍ മല്ലപ്പള്ളി കോട്ടങ്ങല്‍ ചുങ്കപ്പാറ  തൊടുകയില്‍ വീട്ടില്‍ നീലകണ്ഠന്‍ ആശാരിയുടെ മകന്‍ ശ്രീധരന്‍(59) എന്നിവരാണ് അറസ്റ്റിലായത്.

പത്തനതിട്ട ജില്ലയില്‍ തിരുവല്ലയിലുള്ള ഒലിവ് ടൂർസ് & ട്രാവൽസിന്റെ മാനേജിംഗ് പാര്‍ട്ട്‌നര്‍ ആണ് ഒന്നാം പ്രതിയായ രാജി. ഈ സ്ഥാപനത്തിന്റെ ജനറല്‍ മാനേജരാണ് രണ്ടാം പ്രതിയായ സുമേഷ്, മൂന്നാം പ്രതിയായ ശ്രീധരന്‍ രണ്ടാം പ്രതിയുടെ അച്ഛനും ഇവരില്‍ ഇടനിലക്കാരനായി നിന്ന് ആള്‍ക്കാരെ ക്യാന്‍വാസ് ചെയ്യുന്നയാളുമാണ്.

01.10.2018 ല്‍ ബാങ്ക് മുഖാന്തിരമാണ് പരാതിക്കാരന്‍ പണം നല്‍കിയത്. പണം നല്‍കിയ ശേഷം വ്യാജവിസയുടെ കോപ്പി നല്‍കി സിംഗപ്പൂരിലേക്ക് പോകാനുള്ള മെഡിക്കല്‍ നടത്തിയ ശേഷം വിസയുടെ വ്യാജകോപ്പി നല്‍കി പറ്റിക്കുകയായിരുന്നു. പരാതിക്കാരന് പ്രതികള്‍ നല്‍കിയ മലേഷ്യന്‍ കമ്പനിയുടെ പേരിലുള്ള ജോബ് കൺഫർമേഷൻ  ലെറ്റർ , എംപ്ലോയ്മെന്റ് കോൺടാക്ട്  എന്നിവ വ്യാജമായി നിര്‍മ്മിച്ചതാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ആള്‍ക്കാര്‍ ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. ഏകദേശം ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് പ്രതികള്‍ നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. അശോകന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ക്കല പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഓ ജി.ഗോപകുമാര്‍, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ സുനില്‍കുമാര്‍, വനിതാ സി.പി.ഓ രമ്യ എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  അറസ്റ്റ് ചെയ്ത പ്രതികളെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!